| Saturday, 16th November 2024, 9:30 am

യു.എസിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചരിത്രം കുറിച്ച് കരോലിന ലെവിറ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി 27കാരിയായ കരോലിന ലെവിറ്റയെ നിയമിച്ച് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപിനായി പ്രവര്‍ത്തിച്ച കരോലിന ആദ്യവട്ടം ട്രംപ് പ്രസിഡന്റായപ്പോള്‍ അസിസ്റ്റന്റ്‌ പ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

കരോലിനയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി അറിയിച്ചുകൊണ്ട് ട്രംപ് പുറത്തുവിട്ട പ്രസ്താവനയില്‍ കരോലിന സ്മാര്‍ട്ട് ആണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അവള്‍ മികച്ച രീതിയില്‍ ആശയ വിനിമയം നടത്തുമെന്ന് ഇതിനകം തന്നെ തെളിയിച്ചതാണെന്നും അമേരിക്കയെ വീണ്ടും മഹത്തരമാക്കാനും തങ്ങളുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും അവര്‍ക്ക് സാധിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും  ട്രംപ് പ്രസ്താവനയില്‍ അറിയിച്ചു

1969ല്‍ റിച്ചാര്‍ഡ് നിക്‌സണിന്റെ ഭരണകാലത്ത് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ റോണ്‍ സീഗ്ലറുടെ റെക്കോര്‍ഡാണ് കരോലിന തകര്‍ത്തത്. അന്ന് വൈറ്റ് ഹൗസ് സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ സ്ലീഗറിന് 29 വയസായിരുന്നു പ്രായം. 2022ലെ തെരഞ്ഞെടുപ്പില്‍ ന്യൂ ഹാംസ്ഫിയറില്‍ നിന്ന് കരോലിന മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറലായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി മാറ്റ് ഗെയ്സിനെ് ട്രംപ് നിയമിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ നിയമനം.

നീതിന്യായ വകുപ്പിലോ മറ്റ് ഗവണ്‍മെന്റ് വകുപ്പുകളിലോ ഒരു പ്രോസിക്യൂട്ടറായി പോലും പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത മാറ്റിനെ രാജ്യത്തെ ഏറ്റവും ഉന്നതമായ നിയമ ഉദ്യോഗസ്ഥന്റെ പദവിയില്‍ നിയമിച്ചത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടാക്കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി ലൈംഗികാതിക്രമ പരാതികളില്‍ ആരോപണവിധേയനായ ഗെയ്സ് മൂന്ന് വര്‍ഷത്തോളം ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം നേരിട്ടിരുന്നു.

Content Highlight: Trump appointed Karoline Leavitt as youngest ever White House press secretary

We use cookies to give you the best possible experience. Learn more