വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേലിനെ(കശ് പട്ടേല്‍) അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ (ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) യുടെ ഡയറക്ടറായി നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമൂഹ മാധ്യമം വഴിയാണ് ട്രംപ് നിയമന വിവരം പുറത്തുവിട്ടത്.
ട്രംപിന്റെ ആദ്യ കാലയളവില്‍ പ്രതിരോധ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ച കശ് നാഷണല്‍ ഇന്റലജന്‍സിന്റെ ഡെപ്യൂട്ടി ഡയറക്ടറായും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ കൗണ്ടര്‍ ടെററിസം സീനിയര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കശിനെ സമര്‍ത്ഥനായ അഭിഭാഷകന്‍ എന്ന് വിശേഷിപ്പിച്ചാണ് ട്രംപ് തന്റെ നിയമന പ്രസ്താവന ആരംഭിക്കുന്നത്. ‘അമേരിക്കയുടെ ഫസ്റ്റ് ഫൈറ്റര്‍’ എന്നും ട്രംപ് കശിനെ വിശേഷിപ്പിക്കുന്നുണ്ട്.
‘കശ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉടനീളം അഴിമതിക്കെതിരെ പോരാട്ടം നടത്തി. അമേരിക്കയിലെ ജനങ്ങള്‍ക്കായി അനീതിയെ പ്രതിരോധിച്ചു. റഷ്യയേയും അവരുടെ കാപട്യങ്ങളേയും തുറന്ന് കാട്ടുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. സത്യത്തിനായും ഭരണഘടനയ്ക്കായും നിരന്തരം പോരാടി. കശ് അദ്ദേഹത്തിന്റെ ആദ്യ ഊഴത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്,’ ട്രംപ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
കശിന്റെ കീഴില്‍ എഫ്.ബി.ഐ അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്തും. കുടിയേറ്റക്കാരുടെ ക്രിമിനല്‍ സംഘങ്ങളെ തകര്‍ക്കുകയും അതിര്‍ത്തിയിലുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് പോലുള്ള വിപത്തുകളെ തടയുമെന്നും ട്രംപ് പറഞ്ഞു. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട് എഫ്.ബി.ഐയിലേക്ക് വിശ്വസ്യത, ധൈര്യം, സമഗ്രത എന്നിവ തിരികെ കൊണ്ടുവരാനും അദ്ദേഹം പ്രയത്‌നിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
2017 ല്‍ ട്രംപ് നിയമിച്ച ക്രിസ്റ്റഫര്‍ വ്രെയ്ക്ക് പകരക്കാരനായാണ് പട്ടേല്‍ എത്തുന്നത്. പത്ത് വര്‍ഷത്തോളം വ്രെയ്ക്ക് കാലാവധി ഉണ്ടെങ്കിലും ട്രംപിനെതിരെയും എഫ്.ബി.ഐക്കെതിരെയും ക്രിസ്റ്റഫര്‍ വ്രെ ദീര്‍ഘകാലമായി പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനാല്‍ വ്രെയുടെ കാലവധി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം എഫ്.ബി.ഐ എന്ന സംവിധാനം തന്നെ ഇല്ലാതാക്കണം എന്ന് പലപ്പോഴും വാദിച്ചിരുന്ന വ്യക്തിയായിരുന്നു കശ്യപ് പട്ടേല്‍. കഴിഞ്ഞ ഡിസംബറില്‍ സ്റ്റീവ് ബാനനുമായി നടത്തിയ അഭിമുഖത്തില്‍ വെച്ച് സര്‍ക്കാരിലെ മാത്രമല്ല, മാധ്യമങ്ങളിലെയും ഗൂഢാലോചനക്കാരെ താന്‍ കണ്ടെത്തുമെന്നും പട്ടേല്‍ പറഞ്ഞിരുന്നു.
അമേരിക്കന്‍ പൗരരായ കശ്യപിന്റെ പൂര്‍വികര്‍ ഇന്ത്യക്കാരാണ്. കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയ ഗുജറാത്തി വംശജരായ മാതാപിതാക്കള്‍ക്ക് ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ വെച്ചാണ് പട്ടേല്‍ ജനിക്കുന്നത്. നിയമബിരുദം നേടിയ ശേഷം, പട്ടേല്‍ ഫ്‌ലോറിഡയില്‍ ഒരു പബ്ലിക് ഡിഫന്‍ഡറായി പ്രവര്‍ത്തിച്ചു.
പിന്നീട് സംസ്ഥാന, ഫെഡറല്‍ കോടതികളിലെ ക്ലൈന്റുകളെ പ്രതിനിധീകരിച്ചു. കിഴക്കന്‍ ആഫ്രിക്കയിലും അമേരിക്കയിലുടനീളമുള്ള ഉയര്‍ന്ന അന്താരാഷ്ട്ര ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം പിന്നീട് പ്രോസിക്യൂട്ടറായി നീതിന്യായ വകുപ്പില്‍ ചേരുകയായിരുന്നു.
പിന്നീട് സിവിലിയന്‍ അഭിഭാഷകനായി പ്രതിരോധ വകുപ്പില്‍ പ്രവര്‍ത്തിച്ചതാണ് പട്ടേലിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. അവിടെവെച്ച് കശ്യപ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രാഗാല്‍ഭ്യം മനസിലാക്കിയ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനായ ഡെവിന്‍ നൂണ്‍സ് തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മുതിര്‍ന്ന അഭിഭാഷകനായി കശ്യപിനെ റിക്രൂട്ട് ചെയ്യുകയായിരുന്നു.
Content Highlight: Trump appointed Indian American Kashyap Patel as new FBI Director