വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ ആളിക്കത്തുമ്പോള്‍ സ്വന്തക്കാരെ ഉത്തരവാദപ്പെട്ട പദവിയില്‍ നിയമിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പശ്ചിമേഷ്യയെ സംബന്ധിച്ച സുപ്രധാന പദവിയായ അറബ് മിഡില്‍ ഈസ്റ്റ് ഉപദേശകനായി ട്രംപ് നിയമിച്ചത് മകളുടെ അമ്മായിയച്ഛനെയാണ്. ലെബനന്‍ വംശജനും ശതകോടീശ്വരനുമായ മസ്സാദ് ബുലോസിനെയാണ് ട്രംപ് ഉപദേശക പദവിയില്‍ നിയമിച്ചത്.
ട്രംപിന്റെ മകള്‍ ടിഫാനിയുടെ ഭര്‍ത്താവ് മൈക്കിള്‍ ബുലോസിന്റെ പിതാവാണ് മസ്സാദ് ബുലോസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമേരിക്കയിലെ അറബ്, മുസ്‌ലിം വോട്ടുകള്‍ നേടാനായി ട്രംപിനായി പ്രചാരണം നടത്തിയത് മസ്സാദ് ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് മസാദിന്റെ നിയമനം സംബന്ധിച്ച പ്രഖ്യാപനം ട്രംപ് നടത്തിയത്. ഇനി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ യു.എസ് പ്രതിനിധികളെ നിയമിക്കുന്ന കാര്യത്തില്‍ മസ്സാദിന്റെ തീരുമാനം നിര്‍ണായകമാവും എന്നാണ് സൂചന.
നിയമനം സംബന്ധിച്ച് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രഗത്ഭനായ അഭിഭാഷകന്‍, ബിസിനസ് ലോകത്തെ ആദരണീയനായ നേതാവ് എന്നിങ്ങനെയാണ് മസ്സാദിനെ വിശേഷിപ്പിച്ചത്. പശ്ചിമേഷ്യയിലെ സമാധാനത്തിനായി നിരന്തരം വാദിക്കുന്ന അദ്ദേഹം യു.എസിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി വാദിക്കുമെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അമേരിക്കയിലെ അറബ് സമൂഹത്തിനിടയില്‍ ബൈഡന്‍ ഭരണകൂടത്തിനെതിരായ വിയോജിപ്പ് ട്രംപിന് അനുകൂല വോട്ടാക്കി മാറ്റുന്നതില്‍ മസ്സാദിന് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ ഇത് വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരുന്നു. കാരണം ഒരുവശത്ത് ഗസയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുമ്പോള്‍ മറുവശത്ത് ഇസ്രഈലിനെ ചേര്‍ത്ത് നിര്‍ത്തുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 2017ല്‍ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് വോട്ടിനെ ബാധിക്കുമെന്ന് ആശങ്കളും ഉണ്ടായിരുന്നു. ഇത് മറികടക്കുന്നതിലും മസ്സാദ് മുന്‍കൈ എടുത്തു. എന്നാല്‍ പശ്ചിമേഷ്യയിലെ നിലവിലെ പരിതസ്ഥിതികളില്‍ മസ്സാദ് ഇതുവരെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.
ലെബനനിലെ ഒരു രാഷ്ട്രീയ ബന്ധമുള്ള ക്രിസ്ത്യന്‍ കുടുംബത്തിലാണ് മസ്സാദ് ജനിച്ചത്, എന്നാല്‍ കൗമാരപ്രായത്തില്‍ ടെക്‌സാസിലേക്ക് താമസം മാറി. പിന്നീട് നൈജീരിയയിലെ കുടുംബത്തിന്റെ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായി. 2009ല്‍ ലെബനനിലെ പാര്‍ലമെന്റിലേക്ക് ബൗലോസ് മത്സരിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മസ്സാദ് ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല.
ഇതാദ്യമായല്ല യു.എസിലെ സുപ്രധാന പദവികളില്‍ ട്രംപ് ഇഷ്ടക്കാരെ നിയമിക്കുന്നത്. കഴിഞ്ഞ ദിവസം ട്രംപ് തന്റെ മറ്റൊരു മകളായ ഇവാങ്കയുടെ ഭര്‍ത്താവിന്റെ അച്ഛനായ ചാള്‍സ് കുഷ്‌നറെ ഫ്രാന്‍സിലെ യു.എസ് അംബാസഡറായി നിയമിച്ചിരുന്നു.
Content Highlight: Trump appointed his daughter’s father-in-law as Middle East adviser