World News
ട്രംപിന്റെ ഉരുക്ക് നടപടി; യു.എസിലേക്കുള്ള അലുമിനിയം, സ്റ്റീല്‍ ഇറക്കുമതിക്ക് 25% തീരുവ ഈടാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 11, 06:03 am
Tuesday, 11th February 2025, 11:33 am

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്കും അധിക നികുതി ഈടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ്. ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കാനാണ് ട്രംപിന്റെ തീരുമാനം. ഞായറാഴ്ച എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഈ നയം കാനഡ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള വ്യാപാര കക്ഷികള്‍ക്കും ബാധകമായിരിക്കുമെന്നും ട്രംപ് അറിയിച്ചു. കല്‍ക്കരി, എല്‍.എന്‍.ജി എന്നിവയ്ക്ക് 15%, അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉത്പന്നങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് 10% നികുതി ഈടാക്കനും യു.എസ് ശ്രമിക്കുന്നുണ്ട്.

നേരത്തെ യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്കും ദ്രവീകൃത പ്രകൃതിവാതകത്തിനും 15 ശതമാനവും അസംസ്‌കൃത എണ്ണയ്ക്കും 10 ശതമാനവും ചൈന തീരുവ ഏര്‍പ്പെടുത്തിയിരുന്നു. യു.എസിനെതിരായ പ്രതികാര നടപടിയായാണ് ചൈന തീരുവ ഏര്‍പ്പെടുത്തിയത്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് യു.എസ് 10 % അധിക തീരുവ ചുമത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് ചൈനയും യു.എസ് ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കാന്‍ തീരുമാനിച്ചത്.

ട്രംപിന്റെ ആദ്യ ടേമില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് മുപ്പതിനായിരം ഡോളര്‍ നികുതി ചുമത്തിയിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ അധിക തീരുവ ഒഴിവാക്കി. ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ ബാറ്ററികള്‍ എന്നിവയ്ക്കും അധിക നികുതി ആണ്.

യു.എസിന്റെ അയല്‍രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവര്‍ക്കും ഫെബ്രുവരി ഒന്ന് മുതല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നടപടിയില്‍ വൈറ്റ് ഹൗസ് ഉള്‍പ്പെടെ വിമര്‍ശനം നേരിട്ടതോടെ ട്രംപ് തീരുമാനം മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. നിലവില്‍ ലോഹങ്ങള്‍ക്ക് ചുമത്തുന്ന തീരുവകള്‍ക്ക് പുറമെയായിരിക്കും പുതിയ നികുതി ഈടാക്കുക. അമേരിക്കന്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം കാനഡ, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നാണ് യു.എസില്‍ ഏറ്റവും കൂടുതല്‍ ലോഹ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.

2024ല്‍ യു.എസില്‍ ഇറക്കുമതി ചെയ്ത 79 ശതമാനം അലുമിനിയവും കാനഡയില്‍ നിന്നാണ്. ആദ്യ ടേമില്‍ സ്റ്റീലിന് 25% ഉം അലൂമിനിയത്തിന് 10% ഉം ട്രംപ് തീരുവ ചുമത്തിയിരുന്നു. പിന്നീട് കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ഡ്യൂട്ടി-ഫ്രീ ക്വാട്ടകള്‍ അനുവദിക്കപ്പെട്ടിരുന്നു.

വികസിത രാജ്യങ്ങള്‍ക്ക് താരിഫുകളും ക്വാട്ടകളും നല്‍കാതെ കയറ്റുമതി അനുവദിക്കുന്ന ലോക വ്യാപാര സംഘടനയുടെ പദ്ധതിയാണ് ഡ്യൂട്ടി-ഫ്രീ ക്വാട്ട.

ഇവര്‍ക്ക് പുറമെ ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും യു.എസില്‍ ഇറക്കുമതി നടത്തുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, യു.എസിന്റെ സ്റ്റീല്‍ മില്‍ ശേഷി കുറഞ്ഞുവെന്നാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇറക്കുമതികള്‍ക്ക് ട്രംപ് അധിക തീരുവ ഈടാക്കാന്‍ ഒരുങ്ങുന്നത്.

Content Highlight: Trump anouunce Aluminum and steel imports to the US will be subject to a 25% tariff