സിംഗപ്പൂര്‍ സിറ്റി: ലോകം ആകാംക്ഷയോടെ കാത്തിരുന്ന ട്രംപ്- ഉന്‍ കൂടിക്കാഴ്ച കാപ്പെല്ല ഹോട്ടലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആണവായുധത്തിന്റെ റിമോട്ട് കൈയിലേന്തിയിരിക്കുന്ന ഇരുരാഷ്ട്രങ്ങളുടെ തലവന്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയുടെ ഫലം ചരിത്രമാകുമെന്നാണ് കരുതുന്നത്. സിംഗപ്പൂരില്‍ തീരുമാനിച്ച കൂടിക്കാഴ്ചയ്ക്കായി കാപ്പെല്ല ഹോട്ടലില്‍ ആദ്യമെത്തിയത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ആണ്.
ശേഷമെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഹോട്ടലിന്റെ പടി കയറുന്ന വേളയിലാണ് ഉന്‍ സ്വീകരിക്കുന്നത്. “നിങ്ങളെ കണ്ടതില്‍ സന്തോഷം മിസ്റ്റര്‍ പ്രസിഡണ്ട്” എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഉന്‍, ട്രംപിന് ഹസ്തദാനം നല്‍കിയത്. താങ്കളെ കാണാനായതില്‍ തനിക്കും സന്തോഷമുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. നമുക്കിടയില്‍ നല്ലൊരു ബന്ധം വളരുമെന്ന കാര്യത്തില്‍ തനിക്കൊരു സംശയവുമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയയുടെയും അമേരിക്കയുടെയും ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ ഇരുവരും ഹസ്തദാനം ചെയ്തു. ആദ്യ കൂടിക്കാഴ്ചയ്ക്കു മുന്‍പായി വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതൊരു മഹത്തായ ബന്ധത്തിന്റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുന്‍വിധികളും മുന്‍കാല പ്രവര്‍ത്തനങ്ങളുമാണ് അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമായതെന്ന് കിം ജോംഗ് ഉന്‍ പറഞ്ഞു. അതെല്ലാം മറികടന്നാണ് ചര്‍ച്ചക്കെത്തിയതെന്നും ഉന്‍ മാധ്യമങ്ങളോട് പറഞ്ഞു.
“ഇവിടെ വരെ എത്തുക എന്നത് എളുപ്പമായിരുന്നില്ല. മുന്‍കാല പ്രവര്‍ത്തനങ്ങളുണ്ടാക്കിയ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് അമേരിക്കന്‍ പ്രസിഡണ്ടുമായുള്ള ചര്‍ച്ചയ്ക്ക് എത്തിയത്.”
ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം 45 മിനിറ്റ് നീണ്ടുനിന്നു. ഇരു നേതാക്കള്‍ക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്.
ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുള്ളത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുള്ളത്.
കൂടിക്കാഴ്ചയുടെ പ്രധാനലക്ഷ്യം ആണവനിരായുധീകരണമാണ്. ഉത്തരകൊറിയയും യു.എസുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിലും തീരുമാനമുണ്ടാകും. നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ ഉത്തരകൊറിയക്കുമേല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നേക്കും.