ഇന്റര്‍നെറ്റ് വ്യാപകമായതിനു ശേഷം ഒരുപാട് വിദേശ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കാണാന്‍ നമുക്കൊക്കെ അവസരങ്ങള്‍ കിട്ടാറുണ്ട്. ഇന്ത്യയിലല്ലാതെ ഏതെങ്കിലും ഒരു രാജ്യത്ത് ആരെങ്കിലും വികസനം വാഗ്ദാനം ചെയ്യുന്നതായി ആരെങ്കിലും കണ്ടിട്ടുണ്ടോ.
ഉദാഹരണത്തിന് ട്രംപോ ബൈഡനോ അമേരിക്കക്കാര്‍ക്ക് വികസനം വാഗ്ദാനം ചെയ്തിട്ടുണ്ടോ, ബോറിസ് ജോണ്‍സന്‍ ബ്രിട്ടനില്‍ വികസനം കൊണ്ട് വരാമെന്നു പറഞ്ഞിട്ടുണ്ടോ, ജപ്പാനിലോ ഓസ്ട്രേലിയയിലോ ന്യൂസിലന്‍ഡിലോ ആരെങ്കിലും വികസനം അഥവാ ഡെവലെപ്‌മെന്റ് എന്ന വാക്ക് എപ്പോഴെങ്കിലും ഉപയോഗിച്ചതായി കണ്ടിട്ടുണ്ടോ. ഇല്ല.
ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും ആരും വികസനം വാഗ്ദാനം ചെയ്യാറില്ല. മറ്റുള്ളവര്‍ വാഗ്ദാനം ചെയ്യുന്നത് തൊഴിലാണ്. വികസനം എന്നാല്‍ ജനങ്ങള്‍ക്ക് തന്നെ പാരയായി വരുന്ന ഒരു തട്ടിപ്പ് പരിപാടിയാണെന്നും ജോലി എന്നത് യാഥാര്‍ത്ഥ്യമാണെന്നും ഇന്ത്യക്കാരല്ലാത്ത നാട്ടുകാര്‍ക്കൊക്കെ അറിയാം.
ഡൊണാള്‍ഡ് ട്രംപ്
ഉദാഹരണത്തിന് ഒരു ലിറ്റര്‍ പെട്രോളിന് ഏകദേശം അമ്പത് രൂപ ടാക്‌സ് വാങ്ങും എന്നിട്ട് കുറെ കക്കൂസുണ്ടാക്കി ആര്‍ക്കൊക്കെയോ കൊടുക്കും. ഒരു കൊല്ലം കഴിയുമ്പോഴേക്ക് കക്കൂസ് ഉപയോഗശൂന്യമാകുമെങ്കിലും ടാക്‌സ് കൂടിക്കൊണ്ടേയിരിക്കും. എങ്ങനെയെങ്കിലും പൈസ സ്വരൂപിച്ചു രണ്ടര പവന്‍ പൊന്നു വാങ്ങി മകള്‍ക്ക് ഒരു വിവാഹാഭരണം പണിയാമെന്ന് ഒരു പാവപ്പെട്ടവന്‍ വിചാരിച്ചാല്‍ അവനോടു മുപ്പതിനായിരം രൂപ ടാക്‌സ് വാങ്ങി ഒരു കൂറ്റന്‍ പ്രതിമ പണിയും. ഇങ്ങനെ കൊള്ളയടിച്ച പണം കൊണ്ട് കക്കൂസും പ്രതിമയും പണിത് അത് ഇവരെ തന്നെ കാണിച്ച് ഇതാണ് വികസനം എന്ന് പറഞ്ഞു വോട്ടു പിടിക്കുന്നതാണ് നമ്മുടെ രീതി.
ഈ തട്ടിപ്പ് പരിപാടി ഒരു വികസിത രാജ്യത്തും നടക്കില്ല. ഓരോ പ്രസിഡന്റും പ്രധാന മന്ത്രിയും അവരവരുടെ കാലത്ത് എത്ര തൊഴില്‍ അല്ലെങ്കില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കി എന്ന് കൃത്യമായി പറയാതെ ഒരുത്തനും ആരും വോട്ട് കൊടുക്കില്ല. അതിനൊരു കാരണമുണ്ട്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക എന്നത് എളുപ്പമല്ല. നല്ല കഴിവുള്ള ഭരണാധിപര്‍ക്കെ അത് നടക്കൂ.
ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം
തൊഴിലവസരങ്ങള്‍ ഉണ്ടാകണമെങ്കില്‍ ആഭ്യന്തരമോ വിദേശീയമോ ആയ നിക്ഷേപങ്ങള്‍ നടക്കണം. അതിന് സമൂഹത്തില്‍ ശാന്തിയും സഹവര്‍ത്തിത്വവും ഉണ്ടാവണം, വിദേശ നയങ്ങള്‍ ഉള്‍കാഴ്ചയോടു കൂടിയുള്ളതായിരിക്കണം, സാമ്പത്തിക നയങ്ങള്‍ ദീര്‍ഘ ദൃഷ്ടിയോടു കൂടിയുള്ളതായിരിക്കണം, ക്രോണി ക്യാപിറ്റലിസം ഉണ്ടാവാന്‍ പാടില്ല, ഭരണകൂടവും കോടതികളും ആരുടേയും ഭാഗം നില്‍ക്കാത്ത നിക്ഷ്പക്ഷരായിരിക്കണം, വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റാന്‍ പാടില്ല, അങ്ങനെ ഒരു പാട് കാര്യങ്ങള്‍ ആശ്രയിച്ചിരിക്കും വ്യാവസായിക നിക്ഷേപങ്ങളും അത് വഴി വരുന്ന തൊഴിലവസരങ്ങളും.
ജോ ബൈഡന്‍
നാട്ടുകാര്‍ക്കു ജോലിയുണ്ടായാല്‍ സാമ്പത്തിക പുരോഗതിയും വികസനവുമൊക്കെ താനെ വരും. കയ്യില്‍ പണം വരുമ്പോള്‍ അവര്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങും. അത് വഴി പുതിയ ഫാക്ടറികള്‍ വരും, വീണ്ടും തൊഴില്‍ കൂടും. ഈ ചക്രം ആവര്‍ത്തിക്കും. സര്‍ക്കാരിന്റെ ടാക്‌സ് വരുമാനം സ്വാഭാവികമായി കൂടും. ടാക്‌സ് നിരക്ക് കുറച്ച് കൂടുതല്‍ പണം നാട്ടുകാരുടെ കയ്യിലെത്തിക്കാന്‍ കഴിയും, ആ പണവും അവര്‍ ചിലവാക്കും. അത് വഴിയും പുതിയ പുതിയ ഫാക്ടറികളും ജോലികളും വരും. ഈ അടിസ്ഥാന സാമ്പത്തിക ബോധ്യം ഉള്ളത് കൊണ്ടാണ് അമേരിക്കക്കാര്‍ ജോലിയെ പറ്റി മാത്രം ചോദിക്കുന്നത്. ഏതെങ്കിലും അമേരിക്കന്‍ പ്രസിഡണ്ട് പ്രതിമയെയും കക്കൂസിനെയും പാലത്തെയും അമ്പലത്തെയും ഒക്കെ പറ്റി പറഞ്ഞാല്‍ അതൊക്കെ തൊഴിലുണ്ടെങ്കില്‍ ഞങ്ങള്‍ സ്വയം ഉണ്ടാക്കിക്കോളാം എന്ന് നാട്ടുകാര്‍ തിരിച്ചു പറയും.
വോട്ടര്‍മാര്‍ക്ക് ഈ ബോധ്യം ഉള്ളത് കൊണ്ടാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച പ്രസിഡന്റുമാര്‍ ജയിക്കുന്നതും അല്ലാത്തവര്‍ തോല്‍ക്കുന്നതും. അമേരിക്കയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പ്രസിഡന്റുമാര്‍ റെയ്ഗനും ക്ലിന്റണുമാണ്. താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് പ്രകാരം ക്ലിന്റന്റെ കാലത്ത് അമേരിക്കയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ ഇരുപത്തിമൂന്ന് മില്യണ്‍ ആണ്.
റെയ്ഗന്‍
റെയ്ഗന്റെ കാലത്ത് പതിനാറ് മില്യനും. ഒട്ടേറെ അഴിമതി ആരോപണങ്ങളും മോണിക്ക ലെവിന്‍സ്‌കി പോലുള്ള വിവാദങ്ങളും ഉണ്ടായിട്ടും രണ്ടു പേരും റീ-ഇലക്ഷന്‍ ജയിച്ചു. റെയ്ഗന്‍ അന്‍പതില്‍ നാല്പത്തൊമ്പതു സ്റ്റേറ്റുകളും ജയിച്ചാണ് രണ്ടാമത് തിരഞ്ഞെടുക്കപെട്ടത്. ഫോര്‍ഡും ബുഷുമൊക്കെ തുച്ഛമായ തൊഴിലവസരങ്ങളാണ് സൃഷ്ഠിച്ചത്. രണ്ടു പേരെയും വോട്ടര്‍മാര്‍ നിലം തൊടീച്ചില്ല. ഒബാമ പന്ത്രണ്ടു മില്യണ്‍ ജോലികള്‍ സൃഷ്ഠിക്കുകയും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. താച്ചറും മെര്‍ക്കലുമൊക്കെ ഇതേ വിഭാഗത്തില്‍ വരും.
തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ നല്ല പ്രകടനമായിരുന്ന ട്രംപ് കാഴ്ച വെച്ചത്. കോവിഡ് വരുന്നത് വരെ. നികുതികള്‍ വലിയ തോതില്‍ വെട്ടിക്കുറക്കുകയും മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്ന വ്യവസായ യൂണിറ്റുകള്‍ക്ക് വലിയ പ്രോത്സാഹനമൊക്കെ കൊടുക്കകയും ചെയ്യുക വഴി വലിയ രീതിയില്‍ തൊഴിലുകള്‍ സൃഷ്ടിച്ചു. കോവിഡ് വരുന്നതിനു മുമ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കായിരുന്നു അമേരിക്കയില്‍.
കോവിഡിന് മുമ്പേ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപെടും എന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയമില്ലായിരുന്നു. നമ്മുടെ വിശകലനക്കാര്‍ പറയുന്ന കാരണങ്ങളിലൊന്നും കാര്യമില്ല, കൊറോണ മൂലം തൊഴില്‍ നഷ്ടം സംഭവിച്ചില്ലായിരുന്നെങ്കില്‍ ട്രംപ് പാട്ടും പാടി ജയിച്ചേനെ. പക്ഷെ മറ്റെവിടെയും പോലെ അമേരിക്കയിലും കോവിഡ് വന്‍ തൊഴില്‍ നഷ്ടമുണ്ടാക്കി.
അമേരിക്കക്കാര്‍ ഒഴിവുകഴിവുകള്‍ സ്വീകരിക്കുന്നവരല്ല. തൊഴിലില്ലെങ്കില്‍ വോട്ടില്ല, അത് കൊറോണയായാലും യുദ്ധമായാലും പ്ലേഗ് ആയാലും ഭൂകമ്പമായാലും ഭരിക്കുന്നവരെ എക്‌സ്‌ക്യൂസ് പറഞ്ഞു രക്ഷപെടുവാന്‍ അവര്‍ സമ്മതിക്കില്ല. അങ്ങനെയാണ് എഴുപത്തെട്ടുകാരനായ, നടക്കാന്‍ ആരോഗ്യമില്ലാത്ത, ഓര്‍മ്മക്കുറവുള്ള, അണികളില്‍ ഒട്ടും ആവേശം ജനിപ്പിക്കാത്ത ബൈഡന്‍ ജയിക്കുന്നത്. തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ ഒരു ഭരണാധികാരിക്ക് കഴിഞ്ഞില്ലെങ്കില്‍ എതിരാളി ആരാണെന്ന് വോട്ടര്‍മാര്‍ നോക്കില്ല. അയാളെ ശിക്ഷിക്കണം, അത്രയേ ഉള്ളൂ.
ജോര്‍ജ് ഡബ്‌ള്യു. ബുഷ്
2019 ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുപ്പത്താറു വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായിരുന്നു ഇന്ത്യയിലേത്. നോട്ടു നിരോധനവും ജി.എസ്.ടി യും കാരണം നടുവൊടിഞ്ഞ സമ്പദ്‌വ്യവസ്ഥ, റിയല്‍ എസ്റ്റേറ്റ് മുതല്‍ ടെക്‌സ്‌റ്റൈല്‍സ് വരെ സകല മേഖലകളിലെയും ഭീകരമായ പിരിച്ചു വിടല്‍, ബി.എസ്.എന്‍.എല്‍ മുതല്‍ ബാങ്കുകള്‍ വരെ നിര്‍ബന്ധിത വിരമിപ്പിക്കല്‍, ജോലിയുള്ളവര്‍ക്ക് അത് എപ്പോള്‍ വേണമെങ്കിലും നഷ്ടപെടാമെന്ന ഭീതിതമായ അവസ്ഥ, സാലറി വര്‍ധന എന്നത് സ്വപ്നത്തില്‍ മാത്രം.
എന്നിട്ടും ഇന്ത്യന്‍ വോട്ടര്‍മാര്‍ നിലവിലുള്ള പ്രധാനമന്ത്രിയെ കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിപ്പിച്ചു. എന്തായിരുന്നു കാരണം, കുറച്ചു കക്കൂസുകള്‍, കുറെ ഗ്യാസ് കുറ്റികള്‍, ഒരു പ്രതിമ, അതിര്‍ത്തി കടന്ന് ഒരാക്രമണം – അത്രയേ ഇന്ത്യക്കാര്‍ക് വേണ്ടൂ. അതിന് ഇതേ വോട്ടര്‍മാര്‍ തിരിച്ചു സര്‍ക്കാരിന് കൊടുത്തതോ, ഓരോ ലിറ്റര്‍ പെട്രോളിനും അമ്പതു രൂപ വീതം നികുതി, ഓരോ ബിരിയാണി കഴിക്കുമ്പോഴും 27% ജി.എ.സ് ടി.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 33 ശതമാനമായിരുന്നു ബീഹാറിലെ തൊഴിലില്ലായ്മ നിരക്ക്. എന്ന് പറഞ്ഞാല്‍ അധ്വാനിക്കാന്‍ ആരോഗ്യമുള്ള മൂന്നിലൊരാള്‍ക്ക് ഒരു ജോലിയും കിട്ടാന്‍ ഒരു സാധ്യതയും ഇല്ലാത്തത് കാരണം രാവിലെ എണീറ്റ് വീണ്ടും അവിടെ തന്നെ കിടന്നുറങ്ങേണ്ട അവസ്ഥ. ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ ഒരാള്‍ക്ക് പോലും ജോലിയില്ലാത്ത സ്ഥിതി. ജോലി നഷ്ടപ്പെട്ടവരുടെ ഭീതിതമായ പലായനങ്ങള്‍. തൊഴിലുറപ്പ് പദ്ധതിക്ക് രജിസ്റ്റര്‍ ചെയ്യുന്ന എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും. എന്നിട്ടും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഭരിക്കുന്ന മുഖ്യമന്ത്രിയെ ശിക്ഷിക്കണമെന്ന് ജനങ്ങള്‍ക്ക് തോന്നിയില്ല, അഞ്ചു കൊല്ലം കൂടെ അങ്ങനെ പോട്ടെ എന്ന ഭാവം.
ബുദ്ധിജീവികള്‍ക്ക് താല്പര്യമുള്ള ഒരെഴുത്തുകാരനല്ല ചേതന്‍ ഭഗത്. ഇംഗ്ലീഷിലെഴുതുന്ന മുട്ടത്തു വര്‍ക്കിയാണെന്നാണ് പൊതുവെ പറയുക. ഇംഗ്ലീഷ് ശരിക്കറിയാത്ത, വായനാശീലമില്ലാത്ത ഉത്തരേന്ത്യയിലെ ഇംഗ്ലീഷ് മീഡിയംകാരാണ് ചേതന്‍ ഭഗത്തിന്റെ വായനക്കാര്‍. ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു ദ്വൈവാര കോളം എഴുതുന്നുണ്ട് അദ്ദേഹം. കഴിഞ്ഞ അഞ്ചാറു കോളങ്ങളില്‍ അദ്ദേഹം പറയാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങളുണ്ട്. ചുരുക്കി പറയാം.
ചേതന്‍ ഭഗത്
ഇന്ത്യക്കാര്‍ക്ക് വ്യക്തി എന്ന നിലയില്‍ അവരവര്‍ക്ക് ഉന്നതിയില്‍ എത്തണമെന്ന ആഗ്രഹം കുറഞ്ഞു കുറഞ്ഞു വരികയാണ്. ആഗ്രഹിച്ചിട്ടും കാര്യമില്ല എന്നത് കൊണ്ടാണോ അതോ ആഗ്രഹം തന്നെ മുരടിച്ചു പോയത് കൊണ്ടാണോ എന്നറിയില്ല. ചെറുപ്പക്കാരില്‍ നല്ല പങ്കും നല്ലൊരു ഭാവി കെട്ടിപ്പടുക്കാന്‍ കാര്യമായി അധ്വാനിക്കുന്നില്ല. ദിവസം അഞ്ചും ആറും മണിക്കൂര്‍ മൊബൈല്‍ ഫോണില്‍ ചുരണ്ടി കൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ ഗെയിം, അല്ലെങ്കില്‍ പൈറേറ്റഡ് സിനിമകള്‍, അതുമല്ലെങ്കില്‍ അശ്ളീല വിഡിയോകള്‍. ഇത് മൂന്നുമല്ലെങ്കില്‍ സോഷ്യല്‍ മീഡിയ.
ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. നിയമവിധേയമായ കഞ്ചാവാണ് മൊബൈല്‍ ഡാറ്റ എന്നാണ് ചേതന്‍ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വല്ലവരെയൊക്കെയും തെറി പറയുന്നതും പരിഹസിക്കുന്നതും രാജ്യത്തിന് വേണ്ടി ചെയ്യുന്ന വലിയ സേവനമാണെന്നാണ് ഇവര്‍ കരുതുന്നത്. സ്വയം അധ്വാനിച്ചു ഉയര്‍ച്ചയില്‍ എത്തി അതില്‍ അഭിമാനിക്കുന്നതിന് പകരം മറ്റു മത/ജാതിക്കാരെക്കാള്‍ തങ്ങളുടെ മത/ജാതി ഉയര്‍ന്നതാണ് എന്ന് കരുതുന്നതിലാണ് ഇവരുടെ സംതൃപ്തി. ആ ഒരു കൃത്രിമ ബോധ്യത്തെ തൃപ്തിപെടുത്തുന്നതിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ ഇടപെടലുകളാണ് ഇവരുടേത്.
നിതീഷ് കുമാര്‍
വ്യക്തികള്‍ക്ക് സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകാതെ രാജ്യത്തിന് സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകില്ല. സാമ്പത്തികമായി ഉന്നതിയിലല്ലാത്ത രാജ്യത്തെ മറ്റു രാജ്യങ്ങള്‍ ബഹുമാനിക്കില്ല. നമ്മുടെ ചരിത്രവും സംസ്‌കാരവും യോഗയുമൊക്കെ കണ്ടിട്ട് ലോക രാജ്യങ്ങള്‍ നമ്മെ ബഹുമാനിക്കും എന്നത് മിഥ്യാബോധമാണ്. പരസ്പരം ശത്രുതയില്‍ ജീവിക്കുന്ന നാട്ടുകാരുള്ള രാജ്യത്തേക്ക് ഒരു വ്യവസായിയും നിക്ഷേപിക്കാന്‍ വരില്ല.
രാഷ്ട്രീയക്കാര്‍ വോട്ടര്‍മാര്‍ക്ക് വേണ്ടതേ തരൂ. ജനങ്ങള്‍ സൗജന്യ കക്കൂസും സൗജന്യ ഗ്യാസ് അടുപ്പും അമ്പലവും പള്ളിയുമൊക്കെയാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെങ്കില്‍ അവര്‍ അതേ തരൂ. മറിച്ച്, മികച്ച ജോലി സാധ്യതയും അത് വഴി വരുന്ന സമ്പന്നതയും ഉയര്‍ന്ന ജീവിത നിലവാരവുമാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ രാഷ്ട്രീയക്കാര്‍ അതിന് വേണ്ടി കഷ്ടപ്പെടും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതു കൊമ്പത്തെ നേതാവായാലും ഇറക്കി വിടും എന്ന ഭീതി രാഷട്രീയക്കാരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ എന്നും ഒരു ദരിദ്ര രാജ്യമായി തുടരും. നിങ്ങള്‍ ബുദ്ധിജീവിയാണെങ്കിലും അല്ലെങ്കിലും ചേതന്‍ ഭഗത് പറഞ്ഞ ഈ കാര്യങ്ങളോട് വിയോജിക്കാന്‍ കഴിയില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: America and India – Difference in Politics