ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രിപദം ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ പരിഹാസവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയിലെ ജനങ്ങള്‍ക്ക് അമേരിക്കയുടെ പൗരന്മാര്‍ ആകണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ ട്രംപ് അമേരിക്കയുടെ 51ാമത് സംസ്ഥാനമാകാന്‍ വീണ്ടും കാനഡയെ ക്ഷണിച്ചു.
കാനഡയക്ക് വേണ്ടി ഇനിയും വന്‍ വ്യാപാര കമ്മിയും സബ്‌സിഡിയും വഹിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഈ കാര്യം ട്രൂഡോയ്ക്ക് മനസിലായത് കൊണ്ടാണ് അദ്ദേഹം രാജിവെച്ചതെന്നും ട്രംപ് പരിഹസിച്ചു. ട്രൂത്ത് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
കാനഡയിലെ ഭൂരിഭാഗം ജനങ്ങളും അമേരിക്കയുടെ 51ാമത് സംസ്ഥാനമായി കാനഡ മാറണമെന്ന് ആഗ്രഹിക്കുന്നു. അമേരിക്കയ്ക്ക് ഇനിയും കാനഡയ്ക്ക് വേണ്ടി വ്യാപാര കമ്മിയും സബ്‌സിഡികളും താങ്ങാന്‍ സാധിക്കില്ല. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇതറിയാം. അതിനാലാണ് അദ്ദേഹം രാജിവെച്ചത്.
ഡൊണാള്‍ഡ് ട്രംപ്
‘കാനഡ അമേരിക്കയോട് ലയിച്ചാല്‍ പിന്നെ താരിഫും നികുതിയം എല്ലാം കുറയും. കൂടാതെ അവരെ നിരന്തം വലംവയ്ക്കുന്ന ചൈനീസ്, റഷ്യന്‍ കപ്പലുകളില്‍ നിന്നും അവര്‍ക്ക് സുരക്ഷയും ലഭിക്കും. അങ്ങനെ ഒരുമിച്ച് നിന്ന് നമുക്ക് മികച്ചൊരു രാഷ്ട്രം തന്നെയുണ്ടാക്കാം,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹളാണ് ട്രൂഡോയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് ട്രൂഡോ രാജിവെക്കുന്നത്.
അതേസമയം ഇതാദ്യമായല്ല ട്രംപ് കാനഡയെ അമേരിക്കന്‍ സംസ്ഥാനമാകാന്‍ ക്ഷണിക്കുന്നത്. ട്രംപ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്ക ചുമത്തുന്ന നികുതി താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ കാനഡയെ 51ാമത് സംസ്ഥാനമാക്കാമെന്നും ട്രൂഡോയെ വേണമെങ്കില്‍ അതിന്റെ ഗവര്‍ണര്‍ ആക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.
കാനഡയ്ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ നിലപാട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ട്രൂഡോ പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ നിര്‍ദേശം.
Content Highlight: Trump again welcomes Canada for becoming 51st state of U.S. after Trudeau resigns