| Wednesday, 27th July 2022, 5:22 pm

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് സൂചന നല്‍കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്.

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം വീണ്ടും വാഷിങ്ടണില്‍ എത്തിയതായിരുന്നു ട്രംപ്. 18 മാസത്തിന് ശേഷമാണ് ട്രംപ് വാഷിങ്ടണിലേക്ക് എത്തുന്നത്.

തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപ് മത്സരിക്കുമെന്ന് സൂചന നല്‍കിയത്.

‘ എപ്പോഴും പറയാറുള്ളതുപോലെ ആദ്യത്തെ ഓട്ടത്തില്‍ ഞാന്‍ ജയിച്ചു, രണ്ടാമതോടിയപ്പോള്‍ അതിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.’ ട്രംപ് പറഞ്ഞു.

നാടിനെ നേരെയാക്കുന്നതിന് വേണ്ടി നമുക്ക് വീണ്ടും ഓടേണ്ടി വരും, കൂടുതല്‍ വിശദാംശങ്ങള്‍ വരുന്ന ആഴ്ചകളിലും മാസങ്ങളിലുമായി പങ്കുവെക്കാമെന്നും ട്രംപ് വ്യക്തമാക്കി.

ആദ്യ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 10 മില്യണ്‍ വോട്ട് അധികം നേടിയെങ്കിലും ട്രംപിന് ബൈഡനൊപ്പം എത്താനായില്ല. തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങാണ് ട്രംപിന് തിരിച്ചടിയായത്.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

അതേസമയം, 2020ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും അന്വേഷണ സംഘം തെളിവെടുക്കും.

ട്രംപിന്റെ അഭിഭാഷകരുമായും അടുത്ത ഉപദേഷ്ടാക്കളുമായും നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് സാക്ഷികളില്‍ നിന്ന് നേരത്തേ മൊഴിയെടുത്തിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ നീതിന്യായ വകുപ്പിന്റെ 2021 ജനുവരി 6ലെ കലാപത്തെ കുറിച്ചുള്ള ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഫെഡറല്‍ അന്വേഷണം നടക്കുന്നത്. മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് ഷോര്‍ട്ട്, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഗ്രെഗ് ജേക്കബ് എന്നിവര്‍ വാഷിങ്ടണ്‍ ഡി.സിയിലെ ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ ഹാജരായി തെളിവെടുപ്പിന് വിധേയമായിരുന്നു.

2020 ഡിസംബര്‍, 2021 ജനുവരി എന്നീ മാസങ്ങളില്‍ ട്രംപ് നയിച്ച യോഗങ്ങള്‍, അനുയായികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ സമ്മര്‍ദ പ്രചാരണം, വ്യാജ വോട്ടര്‍മാരെ കുറിച്ച് അഭിഭാഷകര്‍ക്കും ഉപദേശകര്‍ക്കും അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ചാണ് നീതിന്യായ വകുപ്പിന്റെ അഭിഭാഷകര്‍ അന്വേഷിക്കുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹ ഗൂഢാലോചനയും സര്‍ക്കാര്‍ നടപടികള്‍ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയും ഉള്‍പ്പെട്ടിരുന്നു. രണ്ടാംഘട്ട അന്വേഷണത്തില്‍ വ്യാജ ഇലക്ടര്‍മാരുമായി ബന്ധപ്പെട്ട വഞ്ചനാകേസും ഉള്‍പ്പെടും.

റൂഡി ഗിയൂലിയാനിയും ജോണ്‍ ഈസ്റ്റ്മാനും നേതൃത്വം നല്‍കിയ വ്യാജ തെരഞ്ഞെടുപ്പ് പദ്ധതിയില്‍ ട്രംപിന്റെ നേരിട്ടുള്ള പങ്കിനെ കേന്ദ്രീകരിച്ചായിരുന്നു ചില ചോദ്യം ചെയ്യലുകളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlight: Trump again hints at next Presidential run

We use cookies to give you the best possible experience. Learn more