വാഷിംഗ്ടണ്‍: ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാതെ ട്രംപ്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.
തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ ട്രംപിനനുകൂലമായി മുദ്രാവാക്യം മുഴക്കി തെരുവിലറിങ്ങിയ വീഡിയോകളും ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുത്തകയായ ജോര്‍ജിയയിലും നിലവില്‍ വ്യക്തമായ ലീഡ് ബൈഡന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. പെന്‍സില്‍വാനിയയിലും മിഷിഗണിലും ജോര്‍ജിയയിലും അഴിമതിനടന്നുവെന്നാണ് ട്രംപിന്റെ വാദം.
തീവ്ര വലതുപക്ഷ സംഘടനകളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച ട്രംപ് ഫോക്‌സ് ന്യൂസിനെ വ്യാജ ചാനലെന്നും വിളിച്ചു.
‘ഫോക്‌സ് ന്യൂസ് അടക്കം മറ്റു വ്യാജ വാര്‍ത്താ ചാനലുകള്‍ ഈ വലിയ പ്രതിഷേധത്തെ കാണില്ല. എന്നിട്ടവരുടെ റിപ്പോര്‍ട്ടര്‍മാര്‍ ഒഴിഞ്ഞ തെരുവുകളില്‍ നില്‍ക്കും. ഞങ്ങളെ ഇപ്പോള്‍ മാധ്യമങ്ങളും അടിച്ചമര്‍ത്തുകയാണ്,’ ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് തന്റെ സര്‍ക്കാര്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്നും ഇനിയേത് സര്‍ക്കാരാണ് അത് ചെയ്യുക എന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു.
ഇതിലൂടെ ട്രംപ് തോല്‍വി സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ട്രംപ് വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെതള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.
2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.
നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trump again alleges voting fraud and shares extreme organization’s video supporting him