വാഷിംഗ്ടൺ: ചൈനയിൽ ഉയിഗർ മുസ്‌ലിങ്ങൾക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം. അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെയാണ് ഉയിഗർ മുസ്‌ലിം വിഷയത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചത്.
ചൈന മനുഷ്വത്വത്തിന് നേരെ വംശഹത്യാപരമായ കുറ്റങ്ങൾ ചെയ്തുവെന്ന് മനസിലായെന്നാണ് പോംപിയോ ട്വിറ്ററിലൂടെ അറിയിച്ചത്.
”ലഭ്യമായ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈന ഉയിഗർ മുസ്‌ലിങ്ങൾക്കും മറ്റ് മത ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ വംശഹത്യ നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്,” പോംപിയോ പ്രസ്താവനയിൽ പറഞ്ഞു. ഇപ്പോഴും ചൈനയിൽ ഉയിഗർ മുസ്‌ലിങ്ങൾക്കു നേരെ വംശഹത്യ തുടരുന്നുണ്ടെന്നും പോംപിയോ കൂട്ടിച്ചേർത്തു.
അതേസമയം അധികാരമൊഴിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ വിഷയത്തിൽ പ്രതികരണവുമായെത്തിയ പോംപിയോ കടുത്ത വിമർശനങ്ങളും നേരിടുന്നുണ്ട്. ഇന്ന് അധികാരമേൽക്കുന്ന ബൈഡൻ സർക്കാർ ഉയിഗർ മുസ്‌ലിം വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടും നിർണായകമായിരിക്കും.
2022 ൽ ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് വേദി ലക്ഷ്യമിട്ട് ഉയിഗർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ രംഗത്തുണ്ട്. ബെയ്ജിങ്ങ് വിന്റർ ഒളിമ്പിക്സ് സ്പോൺസർ ചെയ്യുന്ന സ്വകാര്യ കമ്പനികളിലൂടെ ചൈനീസ് സർക്കാരിനെ സ്വാധീനിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.
ചൈനയിലെ സിൻജിയാങ്ങ് പ്രവിശ്യയിൽ ഉയിഗർ മുസ്‌ലിങ്ങൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാനും അറിയിക്കാനും തങ്ങളുടെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബെയ്ജിങ്ങ് ഒളിമ്പിക്സ് സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് കത്തയച്ച് സർക്കാരിനെ സ്വാധീനിക്കാനാണ് ഉയിഗർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ശ്രമിക്കുന്നത്.
പത്ത് വ്യത്യസ്ത രാജ്യങ്ങളിൽ ഉയിഗർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ക്യാമ്പയിനിന് തുടക്കമിടുന്നത്. എയർബിഎൻബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൺ ചെസ്കിക്കാണ് ആദ്യം കത്തയക്കാൻ ഉദ്ദേശിക്കുന്നത്.
വിന്റർ ഒളിമ്പിക്സിനെ വംശഹത്യ ഗെയിംസ് എന്നാണ് ക്യാമ്പയിൻ ഗ്രൂപ്പ് അംഗങ്ങൾ വിളിക്കുന്നത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനകൂടി വന്ന സാഹചര്യത്തിൽ ഉയിഗർ മുസ്‌ലിം വിഷയത്തിൽ ബൈഡന്റെ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. വഷളായ യു.എസ്-ചൈന ബന്ധം വീണ്ടെടുക്കുന്നതിൽ ബൈഡൻ ശ്രദ്ധ ചെലുത്തുമോ എന്ന ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് ഉയിഗർ വിഷയത്തിൽ പോംപിയോയുടെ പ്രതികരണം വരുന്നത്. കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്ന് പുറത്തുവന്നതാകാം എന്ന പോംപിയോയുടെ പ്രസ്താവനയും വലിയ വിവാദത്തിലായിരുന്നു. പോംപിയോയുടെ പ്രസ്താവനയോട് ശ്രീമാൻ നുണയന്റെ ഒടുക്കത്തെ ഭ്രാന്ത് എന്നാണ് ചൈന പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trump administration says China committed Uighur ‘genocide’