വാഷിംഗ്ടണ്‍: ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്.
തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ സഹായം നല്‍കുന്നു എന്നാരോപിച്ചാണ് നടപടി. അധികാരം ഒഴിയാന്‍ ഒമ്പത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് മേല്‍ പ്രതികാര നടപടി സ്വീകരിച്ചത്. ഈ നടപടി ക്യൂബയ്ക്ക് ശക്തമായ താക്കീതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്ക ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു.
തീവ്രവാദത്തിന്റെ സ്‌പോണ്‍സറാണ് ക്യൂബ എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. സിറിയ, ഇറാന്‍ നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ക്യൂബ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ട്രംപ് ഭരണകൂടം ഉന്നയിച്ചു.
1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് ഗ്രൂപ്പുകളെ ഫിദല്‍ കാസ്‌ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടപടി.
എന്നാല്‍ 2015ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trump administration names Cuba a state sponsor of terrorism, frustrating Biden’s efforts to boost relations