വാഷിങ്ടൺ : കൊളംബിയ യൂണിവേഴ്സിറ്റിക്ക് നൽകി വരുന്ന 400 മില്യൺ ഡോളർ ഫണ്ടും ഗ്രാന്റുകളും റദ്ദാക്കിയതായി ഉത്തരവ് പുറപ്പെടുവിച്ച് ട്രംപ് ഭരണകൂടം. കാമ്പസിലെ ജൂതവിരുദ്ധത അടിച്ചമർത്തുന്നതിൽ ഐവി ലീഗ് സ്കൂൾ പരാജയപ്പെട്ടു എന്നാരോപിച്ചാണ് ഫണ്ട് റദ്ദാക്കിയത്.
കൊളംബിയ സർവകലാശാലയുടെ ഫെഡറൽ ഗ്രാന്റുകളും കരാറുകളും സംബന്ധിച്ച് സമഗ്രമായ അവലോകനം നടത്തുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ സംയുക്ത ടാസ്‌ക് ഫോഴ്‌സ് ടു കോംബാറ്റ് ആന്റി-സെമിറ്റിസം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
കാമ്പസിലെ ജൂത വിരുദ്ധത അടിച്ചമർത്തുന്നതിൽ കൊളംബിയൻ സർവകലാശാല പരാജയപ്പെട്ടെന്നും സർവകലാശാല ഫെഡറൽ വിവേചന വിരുദ്ധ നിയമങ്ങൾ പാലിച്ചിട്ടില്ലെന്നും, ഫെഡറൽ ഗ്രാന്റുകൾ റദ്ദാക്കിയതിനെ അനുകൂലിച്ചുകൊണ്ട് അമേരിക്കൻ വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ ഒരു പ്രസ്താവനയിൽ പറഞ്ഞു.
‘ഒക്ടോബർ ഏഴ് മുതൽ, ജൂത വിദ്യാർത്ഥികൾ അവരുടെ കാമ്പസുകളിൽ നിരന്തരമായ അക്രമം, ഭീഷണി, പീഡനം എന്നിവ നേരിടുന്നു. പക്ഷേ അവരെ സംരക്ഷിക്കേണ്ടവർ അതെല്ലാം അവഗണിക്കുന്നു. ഫെഡറൽ ഫണ്ടിങ് ലഭിക്കണമെങ്കിൽ സർവകലാശാലകൾ എല്ലാ ഫെഡറൽ വിവേചന വിരുദ്ധ നിയമങ്ങളും പാലിക്കണം. വളരെക്കാലമായി, കൊളംബിയ അവരുടെ കാമ്പസിൽ പഠിക്കുന്ന ജൂത വിദ്യാർത്ഥികളോടുള്ള പ്രതിബദ്ധത മനഃപൂർവം മറന്ന് കളയുന്നു. കൊളംബിയയുടെയും മറ്റ് സർവകലാശാലകളുടെയും ഭയാനകമായ നിഷ്‌ക്രിയത്വം ഞങ്ങൾ ഇനി സഹിക്കില്ലെന്ന് ഞങ്ങൾ തെളിയിക്കുകയാണ്.’ അവർ പറഞ്ഞു.
പിന്നാലെ ജൂതവിരുദ്ധത ഇല്ലാതാക്കാൻ തങ്ങൾ പ്രവർത്തിക്കുമെന്ന് കൊളംബിയ സർവകലാശാല തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
‘കൊളംബിയയുടെ നിയമപരമായ ബാധ്യതകളെ ഞങ്ങൾ ഗൗരവമായി കാണുന്നു. ഈ പ്രഖ്യാപനം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഞങ്ങൾ മനസിലാക്കുന്നു, കൂടാതെ ജൂതവിരുദ്ധതയെ ചെറുക്കുന്നതിനും ഞങ്ങളുടെ വിദ്യാർത്ഥികളുടെയും ഫാക്കൽറ്റിയുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,’ സർവകലാശാല ഒരു പ്രസ്താവനയിൽ പറഞ്ഞു.
യു.എസിലുടനീളം ഇസ്രഈൽ വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലിൽ ഫലസ്തീൻ അനുകൂല പ്രകടനക്കാർ അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നൽകുകയും ചെയ്തു.
ക്യാമ്പസുകളിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ സെമിറ്റിക് വിരുദ്ധമായി കണക്കാക്കാമോ എന്നത് രാഷ്ട്രീയ, അക്കാദമിക് മേഖലകളിൽ ഇപ്പോഴും ചർച്ചാവിഷയമാണ്. പല പ്രതിഷേധക്കാരും ജൂതന്മാർ ആയിരുന്നിട്ടും റിപ്പബ്ലിക്കൻ നിയമനിർമാതാക്കൾ പ്രതിഷേധങ്ങളെ സെമിറ്റിക് വിരുദ്ധമായാണ് കണ്ടത്.
Content Highlight: Trump administration cancels $400m in funds to Columbia University