| Saturday, 14th November 2020, 8:08 am

ഒടുവില്‍ തോല്‍വി സമ്മതിച്ചു; യു.എസില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക ഇനിയേത് ഭരണകൂടമാണെന്ന് കണ്ടറിയാമെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോബൈഡന്‍ വിജയിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ പരാജയം തുറന്ന് സമ്മതിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കൊവിഡ് ലോക്കഡൗണ്‍ സംബന്ധിച്ച് വൈറ്റ് ഹൗസില്‍ സംസാരിക്കവെയായിരുന്നു ട്രംപ് പരാജയം സമ്മതിച്ചത്.

‘ഈ ഭരണകൂടം ഒരിക്കലും ഒരു രാജ്യവ്യാപക ലോക്ക്ഡൗണിലേക്ക് പോകില്ല. ഭാവിയിലെന്താണ് സംഭവിക്കുകയെന്നറിയില്ല. ഇനിയേത് സര്‍ക്കാരാണ് അത് നടപ്പാക്കുകയെന്ന് കണ്ടറിയാം. എല്ലാം കാലം പറയും,’ ട്രംപ് പറഞ്ഞു.

ലോകത്ത് കൊവിഡ് കേസുകളില്‍ ഒന്നാമത് നില്‍ക്കുന്ന അമേരിക്കയില്‍ വൈറസ് ബാധയെ നിയന്ത്രണത്തിലാക്കാന്‍ രാജ്യവ്യാപകമായ ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരുമെന്ന് ബൈഡന്റെ ഉപദേശകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി.

അടുത്ത ദിവസം വരെ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചിരുന്നില്ല. താന്‍ തന്നെ അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്നും ട്രംപ് അടുത്തിടെ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതയായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് ഇനിയും കടമ്പകളേറെയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trump accepted losing election in first speech in White house

We use cookies to give you the best possible experience. Learn more