കഴിഞ്ഞ ദിവസമാണ് കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന പട എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.
ഇവര്‍ക്ക് പുറമെ പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 25 വര്‍ഷം മുമ്പ് കേരളത്തെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്.
1996 ല്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടറായിരുന്ന ഡബ്ല്യൂ.ആര്‍. റെഡ്ഢിയെ നാലുപേരടങ്ങുന്ന സംഘം മണിക്കൂറുകളോളം ബന്ദിയാക്കി, ഈ സംഭവമാണ് കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന് ആധാരമായിരിക്കുന്നത്.
1996 ല്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ 1975 ല്‍ പാസാക്കിയ ‘ആദിവാസി ഭൂനിയമ’ത്തില്‍ ഒരു ഭേദഗതി കൊണ്ടുവന്നു. ആദിവാസികളില്‍ നിന്ന് കയ്യേറിയ ഭൂമികള്‍ പിടിച്ചെടുത്ത് അവര്‍ക്ക് തന്നെ തിരികെ നല്‍കണം എന്നതായിരുന്നു ആദിവാസി ഭൂനിയമം.
1971 ന് ശേഷം കയ്യേറിയ ഭൂമികള്‍ ഇത്തരത്തില്‍ തിരികെ പിടിച്ച് നല്‍കാനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. എന്നാല്‍ നായനാര്‍ സര്‍ക്കാര്‍ 1971 എന്ന വര്‍ഷം 1986 ആക്കിമാറ്റുകയും ആദിവാസികളില്‍ നിന്ന് കയ്യേറിയ ഭൂമിക്ക് പകരം മറ്റെവിടെയെങ്കിലും ഭൂമി നല്‍കിയാല്‍ മതിയെന്നും നിയമ ഭേദഗതി കൊണ്ടുവന്നു.
അന്നത്തെ എല്‍.ഡി.എഫ് – യു.ഡി.എഫ് എം.എല്‍.എമാര്‍ ഭേദഗതി അംഗീകരിച്ചപ്പോള്‍ കെ.ആര്‍. ഗൗരിയമ്മ മാത്രമായിരുന്നു ഭേദഗതിയെ എതിര്‍ത്തത്. കേരളരൂപീകരണത്തിന് ശേഷം ഉണ്ടായ ഏറ്റവും പിന്തിരിപ്പന്‍ ബില്‍ എന്നാണ് ഗൗരിയമ്മ അന്ന് അതിനെ വിമര്‍ശിച്ചത്.
ഈ ഭേദഗതിയില്‍ പ്രതിഷേധിച്ചായിരുന്നു നാല് ചെറുപ്പക്കാര്‍ പാലക്കാട് കളക്ട്രേറ്റില്‍ എത്തുകയും കളക്ടറെ ബന്ദിയാക്കുകയും ചെയ്തത്. 1996 ഒക്ടോബര്‍ 4 നായിരുന്നു സംഭവം.
രാവിലെ കളക്ട്രേറ്റിലേക്ക് പൊലീസ് എത്തുകയും ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തതോടെയാണ് കളക്ടറെ ബന്ദിയാക്കിയ വിവരം പുറംലോകമറിഞ്ഞത്. ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പാണ് കളക്ടറെ ബന്ദിയാക്കിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത.
എന്നാല്‍ അയ്യങ്കാളി പട എന്ന സംഘടനയിലെ നാല് പേരായിരുന്നു കളക്ടറെ ബന്ദിയാക്കിയത്. അന്ന് മലയാളത്തിലെ ഏക സ്വകാര്യ മാധ്യമമായ ഏഷ്യാനെറ്റ് എത്താതെ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവില്ലെന്ന് കളക്ടറെ ബന്ദിയാക്കിയ യുവാക്കള്‍ പറയുകയും ചെയ്തിരുന്നു.
കല്ലറ ബാബു, അജയന്‍ മണ്ണൂര്‍, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി എന്നിവരായിരുന്നു ആ നാല് പേര്‍. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ നിന്ന് പിന്മാറുക, കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആദിവാസി ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നറിയിക്കുക എന്നതായിരുന്നു ബന്ദിയാക്കിയവരുടെ പ്രധാന ആവശ്യങ്ങള്‍.
വാര്‍ത്ത പുറത്തുവന്നതോടെ പാലക്കാട് കളക്ട്രേറ്റിലേക്ക് ആളുകള്‍ ഒഴുകി. ദേശീയ തലത്തിലടക്കം വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടു. ഒടുവില്‍ സര്‍ക്കാര്‍ അയ്യങ്കാളി പടയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സമ്മതിച്ചു. ഇതോടെ കളക്ടറെ മോചിപ്പിക്കാന്‍ നാല്‍വര്‍ സംഘം തയ്യാറായി. ഏഷ്യാനെറ്റ് ക്യാമറയ്ക്ക് മുന്നിലായിരുന്നു കളക്ടറെ മോചിതനാക്കിയത്.
തുടര്‍ന്ന് സംഘത്തില്‍പ്പെട്ട കല്ലറ ബാബു ഒരു പ്രസ്താവന ഉറക്കെ വായിക്കുകയും ചെയ്തു. ‘ഞങ്ങളുടെ ആവശ്യങ്ങള്‍ വളരെ ചെറുതാണ്. നിങ്ങള്‍ നിങ്ങളുടെ ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലര്‍ത്തണം. മനുഷ്യാവകാശധാരണകള്‍ക്കെതിരായ ആദിവാസി ഭൂസംരക്ഷണ നിയമഭേദഗതി റദ്ദാക്കണം. മര്‍ദിതരുടെ ഐക്യം തകര്‍ത്തു നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഈ നീക്കത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ ചെറുക്കും.
ഡബ്ല്യൂ.ആര്‍. റെഡ്ഢി
കേവലം ഒരു നൂലുണ്ട കൊണ്ടും ഈ പ്ലാസ്റ്റിക് പൈപ്പുകള്‍ കൊണ്ടും ഈ ഭരണകൂടത്തെ കഴിഞ്ഞ ആറു മണിക്കൂറുകള്‍ ഞങ്ങള്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇത് തെളിയിക്കുന്നത് എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികള്‍ ആണെന്നാണ്. മാവോ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.’ എന്നും നാല്‍വര്‍ സംഘം പറഞ്ഞു.
ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്‍ നിര്‍ത്തി നാല് പേരെയും തിരികെ പോകാന്‍ അനുവദിച്ചെങ്കിലും പിന്നീട് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസ് 25 വര്‍ഷങ്ങള്‍ക്ക് ശേഷവും കോടതിയില്‍ നടക്കുകയാണ്.
ഈ നാലവര്‍ സംഘത്തിനെയാണ് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ അവതരിപ്പിക്കുന്നത്.
ഗപ്പി, നോര്‍ത്ത് 24 കാതം, ഗോദ, ഇഷ്ഖ് തുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കളായ മുകേഷ് ആര്‍. മേഹ്ത, എ. വി. അനൂപ്, സി. വി. സാരഥി എന്നിവര്‍ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ. പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
2012 ല്‍ റിലീസ് ചെയ്ത ഐഡി എന്ന ചിത്രത്തിന് ശേഷം കമല്‍ കെ.എം. സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രമാണ് പട. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാന്‍ മുഹമ്മദാണ് ചിത്രസംയോജനം. ചിത്രത്തിന് സംഗീതമൊരുക്കുന്നത് വിഷ്ണു വിജയനാണ്.