ടൊറന്റോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കിയ മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്വിറ്ററിലൂടെയാണ് ട്രൂഡോ ഈ നിലപാട് അറിയിച്ചത്.
” തീവ്രവാദത്തില്‍, യുദ്ധത്തില്‍ പീഡിപ്പിക്കപ്പെട്ട് തോന്നുന്നവരോട് നിങ്ങള്‍ ഏതുമതവിശ്വാസിയായാലും കനേഡിയന്‍സ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി. കാനഡയിലേക്കു സ്വാഗതം” എന്നാണ് ട്രൂഡോയുടെ ട്വീറ്റ്.
2015ല്‍ ടൊറന്റോ എയര്‍പോര്‍ട്ടില്‍ ഒരു സിറിയന്‍ കുട്ടിയെ സ്വാഗതം ചെയ്യുന്ന ചിത്രവും ട്രൂഡോ പോസ്റ്റു ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കാനഡയിലേക്ക് 39,000ത്തിലേറെ സിറിയന്‍ അഭയാര്‍ത്ഥികളാണ് കടന്നുവന്നത്.
ട്രൂഡോയുടെ ട്വീറ്റിന് കനേഡിയന്‍ ജനതയില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്വീറ്റു വന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലേറെ ലൈക്കുകളാണ് ഇതിനു ലഭിച്ചത്. വെല്‍ക്കം ടു കാനഡ എന്ന ഹാഷ്ടാഗ് കാനഡയില്‍ ട്രന്റായി മാറിയിരിക്കുകയാണ്.
ട്രംപിനുള്ള ട്രൂഡോയുടെ സന്ദേശമാണിതെന്ന് അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചു. “ഇനി ട്രംപിനെ കാണുമ്പോള്‍ കാനഡയുടെ അഭയാര്‍ത്ഥി നയത്തിന്റെ വിജയം അദ്ദേഹവുമായി ചര്‍ച്ച ചെയ്യും.” എന്നും ട്രൂഡോയുടെ വക്താവ് കെയ്റ്റ് പര്‍ച്ചെയ്‌സ് വ്യക്തമാക്കി.
കാനഡയുടെ കയറ്റുമതിയില്‍ 75% അമേരിക്കയിലേക്കാണ്. അങ്ങനെയിരിക്കെയാണ് ട്രംപിനെതിരെ ശക്തമായൊരു നിലപാടുമായി ട്രൂഡോ രംഗത്തുവന്നിരിക്കുന്നത്.