| Saturday, 16th May 2020, 12:20 pm

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഹൈദരാബാദില്‍ നിന്നും യു.പിയിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പുറപ്പെട്ട ട്രക്ക് മറിഞ്ഞ് ഒരു മരണം; 20 പേര്‍ക്ക് പരുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പുറപ്പെട്ട ട്രക്ക് അപകടത്തില്‍പ്പെട്ട് ഒരു മരണം. 20 ഓളം പേര്‍ക്ക് പരുക്കേറ്റു.

ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 75ഓളം കുടിയേറ്റ തൊഴിലാളികളാണ് ട്രക്കിലുണ്ടായിരുന്നത്. പുലര്‍ച്ചെ 3.30ഓടെയാണ് മഹാരാഷ്ട്ര-തെലങ്കാന അതിര്‍ത്തി പ്രദേശത്തിനടുത്തെ ഹൈവേയില്‍ വെച്ച് അപകടം നടക്കുന്നത്.

ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം സംഭവിച്ചതിന് പിന്നാലെ തെലങ്കാന മന്ത്രി ഐ.കെ റെഡ്ഡിയും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും സംഭവ സ്ഥലത്തെത്തി.

ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ സംഭവം നടന്ന ഉടന്‍ തന്നെ ഒസ്മാനിയ ആശുപത്രിയിലേക്കും മറ്റുള്ളവരെ പ്രദേശിക ആശുപത്രികളിലേക്കും കൊണ്ടു പോയി.

അപകടത്തില്‍ പരുക്ക് പറ്റാത്ത ട്രക്കിലെ മറ്റു തൊഴിലാളികളില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടുള്ളവരെ നാട്ടിലേക്കെത്തിക്കാനുള്ള സംവിധാനങ്ങള്‍ തുടരുമെന്നും ഭക്ഷണം അവര്‍ക്ക് ഭക്ഷണം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു.

രാജസ്ഥാനില്‍ നിന്ന് ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more