| Thursday, 20th May 2021, 5:22 pm

ഓടിക്കൊണ്ടിരിക്കുന്ന ലോറി വീണത് വലിയ ഗര്‍ത്തത്തിലേക്ക്; ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ദല്‍ഹിയിലെ നജഫ്ഗഢിലെ റോഡില്‍ ബുധനാഴ്ച രൂപം കൊണ്ട ഗര്‍ത്തത്തിലേക്ക് ട്രക്ക് മറിഞ്ഞതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പ്രദേശവാസികള്‍ നോക്കിയിരിക്കെയാണ് കാല്‍നടപാതയോട് ചേര്‍ന്ന റോഡ് താഴേക്ക് പതിച്ചത്. പ്രദേശത്തെ മെട്രോ നിര്‍മാണവും ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അതിശക്തമായ മഴയുമാണ് ഗര്‍ത്തമുണ്ടാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

മഴയില്‍ ദല്‍ഹിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. നഗരത്തില്‍ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ദല്‍ഹി മെട്രോ അധികൃതരുടെ അശ്രദ്ധയാണ് നജഫ്ഗഢിലെ റോഡ് തകര്‍ന്ന് ഗര്‍ത്തമുണ്ടാവാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

റോഡ് തകര്‍ന്ന് അടുത്തുള്ള ചില കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കെട്ടിടങ്ങളിലുണ്ടായിരുന്ന ആളുകള്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്നാണ് വിവരം.

രാവിലെ 8.30 വരെ 24 മണിക്കൂറില്‍ സഫ്ദര്‍ജംഗ് നിരീക്ഷണാലയത്തില്‍ 119.3 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

അതേസമയം ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

മെയ് 23 ന് കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുള്ളതായാണ് അറിയിപ്പ്. പുതിയ ചുഴലിക്കാറ്റ് ഉണ്ടാവുകയാണെങ്കില്‍ യാസ് എന്നായിരിക്കും വിളിക്കുക.

അറബിക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ അതിതീവ്ര നൂനമര്‍ദ്ദവും ചുഴലിക്കാറ്റുമായി രൂപപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Truck falls caved road in delhi

We use cookies to give you the best possible experience. Learn more