| Tuesday, 2nd January 2024, 11:11 pm

പുതിയ ശിക്ഷാ നിയമത്തിനെതിരെയുള്ള സമരം പിന്‍വലിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍; തീരുമാനം സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന അധികാരികളുടെ ഉറപ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വാഹനാപകടങ്ങള്‍ സംബന്ധിച്ച പുതിയ ശിക്ഷാ നിയമത്തിനെതിരെയുള്ള സമരം പിന്‍വലിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് പ്രാദേശിക അധികാരികള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ട്രക്ക് ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന് ഡിപ്പോകളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം തടസപ്പെടുകയും ഇന്ധനക്ഷാമം ഭയന്ന് ജനങ്ങള്‍ പെട്രോള്‍ പമ്പുകളിലേക്ക് ഇടിച്ചുകയറുന്ന അവസ്ഥയും ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ, നാഗ്പൂര്‍, സോലാപൂര്‍, ധാരാശിവ്, നവി മുംബൈ, പാല്‍ഘര്‍, നാഗ്പൂര്‍, ബീഡ്, ഹിംഗോലി, ഛത്രപതി സംഭാജിനഗര്‍, നാസിക്, ഗഡ്ചിറോളി, വാര്‍ധ തുടങ്ങിയ സ്ഥലങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പ്രതിഷേധം നടത്തുകയാണ്. സമരം തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് മുംബൈ പൊലീസ് എസ്‌കോര്‍ട്ട് നല്‍കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൗദ തഹ്സിലിലെ ടാര്‍സയില്‍ ദേശീയ പാത തടയാനുള്ള ട്രക്കര്‍മാരുടെ ശ്രമം സ്‌ട്രൈക്ക് ഫോഴ്സ് പരാജയപ്പെടുത്തിയതായി മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃത്യമായ നിയന്ത്രണത്തിനായി നാഗ്പൂര്‍ ജില്ലയില്‍ ആറ് പ്രത്യേക സ്ട്രൈക്ക് ഫോഴ്സ് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടയറുകള്‍ കത്തിച്ച് നാഗ്പൂര്‍-ഉംരെദ് റോഡ് തടഞ്ഞതിന് 40ലധികം പ്രതിഷേധക്കാര്‍ക്കെതിരെ രണ്ട് വ്യത്യസ്ത കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതിഷേധത്തില്‍ 16 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

അംഗീകാരം ലഭിച്ച പുതിയ നിയമത്തിലെ കര്‍ക്കശമായ ശിക്ഷകള്‍ക്കെതിരെ വിവിധ ട്രക്കര്‍മാരുടെ അസോസിയേഷനുകള്‍ റാസ്ത റോക്കോ പ്രതിഷേധം സംഘടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Truck drivers withdraw strike against new penal law

Latest Stories

We use cookies to give you the best possible experience. Learn more