| Sunday, 27th May 2018, 8:26 am

ബ്രസീലില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ ട്രക്ക് സമരം; രാജ്യം സ്തംഭിച്ചു; രണ്ട് നഗരങ്ങളില്‍ അടിയന്തിരാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാവോ പോളോ: രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള ട്രക്ക് സമരം ആറാം ദിവസം പിന്നിട്ടതോടെ ബ്രസീല്‍ പൂര്‍ണമായും സ്തംഭിച്ചു. തലസ്ഥാനമായ സാവോപോളോയിലും റിയോ ഡി ജനീറയിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

ദേശീയ പാതകള്‍ ട്രക്കുകള്‍ നിര്‍ത്തിയിട്ട് ഉപരോധിച്ചിരിക്കുകയാണ്. ഇവ നീക്കം ചെയ്യാന്‍ പ്രസിഡന്റ് മൈക്കിള്‍ ടെര്‍മര്‍ സൈന്യത്തിന് ഉത്തരവ് നല്‍കി. സമരത്തില്‍ പങ്കെടുക്കുന്ന ട്രക്കുകള്‍ പിടിച്ചെടുക്കാനും നീക്കമുണ്ട്.

കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ ഏതാണ്ട് തീര്‍ന്നു. ആശുപത്രികളില്‍ പോലും ആവശ്യവസ്തുക്കള്‍ കിട്ടാതായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ധനമില്ലാതായതോടെ വിമാനങ്ങളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തനം നിര്‍ത്തി വച്ചു.


Read | ‘അഭിമാനം പണയംവെച്ച് അധികാരത്തില്‍ തുടരില്ല’; വകുപ്പ് വിഭജനത്തില്‍ കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങളുണ്ടെന്ന് കുമാരസ്വാമി


തീറ്റ കിട്ടാതെ 100 കോടി പക്ഷികളും രണ്ട് കോടി പന്നികളും ചത്തൊടുങ്ങുമെന്നാണ് ബ്രസീലിലെ മാംസ വ്യാപാര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

66 രൂപയാണ് ബ്രസീലില്‍ പെട്രോള്‍ വില. ഇന്ത്യയുടേതിന് സമാനമായ രീതിയില്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ദ്ധിച്ചതാണ് ജനങ്ങളെ സമരത്തിലേക്ക് നയിച്ചത്. ഇന്ത്യയിലേത് പോലെ ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കിയതാണ് വിലവര്‍ദ്ധനവിന് കാരണമെന്നാണ് നിരീക്ഷണം.

അതേസമയം, ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 രൂപയായി. ഡീസലിന് 17 പൈസ വര്‍ദ്ധിച്ച് 74.943 രൂപയുമായി. കൊച്ചി: പെട്രോള്‍-81.10, ഡീസല്‍73.32. കോഴിക്കോട്: പെട്രോള്‍-81.27, ഡീസല്‍-73.99.

We use cookies to give you the best possible experience. Learn more