| Monday, 2nd March 2020, 10:37 am

രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ വര്‍ഷത്തില്‍ നല്‍കുന്ന കൈക്കൂലി 47,000 കോടി രൂപ; തുടര്‍ച്ചയായ യാത്രകള്‍ അപകടത്തിന് കാരണമാകുന്നെന്നും സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ട്രക്ക് ഡ്രൈവര്‍മാരും ഉടമകളും സര്‍ക്കാര്‍ അധികൃതര്‍ക്ക് വര്‍ഷത്തില്‍ ശരാശരി കൈക്കൂലി നല്‍കുന്നത് 47,852 കോടി രൂപ. സേവ് ലൈഫ് ഫൗണ്ടേഷനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും അടുത്തിടെ നടത്തിയ സര്‍വേയിലാണ് കൈക്കൂലി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസുകാര്‍ക്കാണ് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കുന്നതെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

പൊലീസുകാരെ പേടിച്ചോ യാത്രക്കിടയിലെ തടസം ഒഴിവാക്കുന്നതിനുമൊക്കെയായാണ് ഇവര്‍ കൈക്കൂലി നല്‍കുന്നത്. ബെംഗളൂരുവും ചെന്നൈയും വിജയവാഡയുമടക്കം പത്തോളം നഗരങ്ങളിലെ 1,217 ട്രക്ക് ഡ്രൈവര്‍മാരെയും 101 ഉടമകളെയും നേരിട്ട് കണ്ടാണ് സര്‍വേ തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രക്കിടയിലെ മൊത്തം ചെലവില്‍ 2.8 ശതമാനവും കൈക്കൂലി നല്‍കുന്നതിനായാണ് ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബെംഗളൂരുവില്‍ 53 ശതമാനം ഡ്രൈവര്‍മാരും വ്യക്തമാക്കിയത് ശരാശരി 438 രൂപയോളം ഒരു ദിവസം കൈക്കൂലിയായി നല്‍കുന്നുണ്ടെന്നാണ്. അതില്‍ 24.2 ശതമാനം ഡ്രൈവര്‍മാരും പറഞ്ഞത് ഗുണ്ടാ പിരിവുകാര്‍ക്ക് 469 രൂപയോളം കൈക്കൂലിയായി നല്‍കുന്നുണ്ടെന്നാണ്.

പൊലീസ്, ആര്‍ടിഒ, ചെക്‌പോസ്റ്റ്, നികുതിയുദ്യോഗസ്ഥര്‍, ഗുണ്ടാ പിരിവുകാര്‍ തുടങ്ങിയവര്‍ക്കും കാശ് കൊടുക്കുന്നുണ്ട്.

ട്രക്ക് ഡ്രൈവര്‍മാര്‍ നല്‍കുന്ന തുക ഓരോവര്‍ഷവും കൂടി വരികയാണെന്നും 2006-07 വര്‍ഷത്തില്‍ ഇത് 2,048 കോടി രൂപയായിരുന്നെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വര്‍ഷം ഒരു ട്രക്കിന്റെ കൈക്കൂലി 79,920 രൂപയാണ്. 36 ലക്ഷം ട്രക്കുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.

മൂന്നില്‍ രണ്ടു ഡ്രൈവര്‍മാരും ഹൈവേ പൊലീസിന് കൈക്കൂലി നല്‍കുന്നുണ്ട്. ഗുവാഹത്തിയിലാണ് ഏറ്റവും കൂടുതല്‍ തുക കൈക്കൂലി നല്‍കുന്നതെങ്കില്‍ വിജയവാഡയിലാണ് കുറവ് നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ഷീണവും ഉറക്കവും വന്നാല്‍ പോലും ഡ്രൈവര്‍മാര്‍ നിര്‍ത്താതെ വണ്ടിയോടിക്കുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. പലരും 12 മണിക്കൂറോളം തുടര്‍ച്ചയായി വണ്ടിയോടിക്കുന്നവരാണ്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more