യു.എസിലെ ന്യൂ ഓര്‍ലാന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി പത്ത് മരണം
World News
യു.എസിലെ ന്യൂ ഓര്‍ലാന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി പത്ത് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2025, 7:15 pm

വാഷിങ്ടണ്‍: യു.എസിലെ ന്യൂ ഓര്‍ലാന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി പത്ത് മരണം. മുപ്പതിലധകം പേര്‍ക്ക് പരിക്കേറ്റതായി വാഷിങ്ടണ്‍ പോസ്റ്റ് (Washington Post) റിപ്പോര്‍ട്ട് ചെയ്തു.

ന്യൂ ഓര്‍ലാന്‍സിലെ പ്രശസ്തമായ കനാല്‍, ബാര്‍ബണ്‍ സ്ട്രീറ്റുകളിലാണ് അപകടം നടന്നത്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക എമര്‍ജന്‍സി ഏജന്‍സി അറിയിച്ചു. അപകടം നടന്ന റോഡില്‍ നിന്ന് മാറിനില്‍ക്കാന്‍ അടിയന്തര വിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അപകടത്തില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ നഗരത്തിലെ അഞ്ച് വ്യത്യസ്ത ആശുപത്രികളിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ അറിയിച്ചു.

ഒരു ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വാഹനം ഇടിച്ച് അപകടം ഉണ്ടാക്കിതിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ പുറത്തിറങ്ങി ആയുധം ഉപയോഗിച്ച് വെടിയുതിര്‍ക്കാന്‍ തുടങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

‘പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനക്കൂട്ടത്തിലേക്ക് ഒരു കാര്‍ ഇടിച്ചതായാണ് വിവരം. പരിക്ക് പറ്റിയവരുടെ പൂര്‍ണ വിവരം ലഭ്യമായിട്ടില്ല. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,’ ന്യൂ ഓര്‍ലാന്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് സി.ബി.എസ് ന്യൂസിനോട് പറഞ്ഞു.

നവംബറില്‍, ന്യൂ ഓര്‍ലിയന്‍സിലെ പരേഡ് റൂട്ടിലും വെടിവയ്പ്പ് ഉണ്ടായിരുന്നു. അന്നത്തെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2017ലും ഫെബ്രുവരിയിലും ന്യൂ ഓര്‍ലാന്‍സിലെ പരേഡ് കണ്ടുകൊണ്ടിരുന്ന കാണികള്‍ക്കിടയിലേക്ക്‌ മദ്യപാനിയായ ഒരാള്‍ ഓടിച്ച പിക്കപ്പ് ട്രക്ക് ഇടിച്ച് 20ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlight: Truck crashes into crowd in New Orleans, US, 10 dead; Thirty people were injured