ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഈ വിജയമല്ല പ്രതീക്ഷിച്ചതെന്ന് തെലങ്കാന ഐ.ടി മന്ത്രിയും ടി.ആര്‍.എസ് വര്‍ക്കിങ്ങ് പ്രസിഡന്റുമായ കെ. ടി രാമാറാവു. ടി.ആര്‍.എസ് തന്നെ വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല. 25 സീറ്റുകള്‍ കൂടി കിട്ടുമെന്ന് കരുതിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ടി.ആര്‍.എസ് വിജയിക്കുമെന്നാണ് പറഞ്ഞിരുന്നത്,’ കെ. ടി രാമ റാവു പറഞ്ഞു.
13ഓളം സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് 200 മുതല്‍ 300 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇതില്‍ നിരാശരാകാന്‍ ഒന്നുമില്ല. ഞങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടത്തും,’ അദ്ദേഹം പറഞ്ഞു.
വോട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളിലാണ് ടി.ആര്‍.എസ് വിജയിച്ചത്. 48 സീറ്റുകളില്‍ വിജയിച്ച ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
എ.ഐ.എം.ഐ.എം 44 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജയിച്ചു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.
2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ എ.ഐ.എം.ഐ.എം, ടി.ആര്‍.എസിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: TRS saying they expected another 25 seats in election