|

'രണ്ട് ദിവസത്തിനുള്ളില്‍ ഡീല്‍ ഉറപ്പിക്കണം'; തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര'യില്‍ തുഷാറിന്റെ ശബ്ദരേഖ പുറത്തുവിട്ട് ടി.ആര്‍.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷന്‍ താമര വിവാദത്തില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കൂടുതല്‍ തെളിവുകളുമായി ടി.ആര്‍.എസ്. തുഷാര്‍ വെള്ളാപ്പള്ളി ഏജന്റുമാര്‍ വഴി ടി.ആര്‍.എസ് എം.എല്‍.എമാരുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. ടി.ആര്‍.എസ് എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്താമെന്നും തുഷാറിന്റെതെന്ന് പറയുന്ന ശബ്ദരേഖയില്‍ പറയുന്നുണ്ട്.

രണ്ട് ദിവസത്തിനുള്ളില്‍ ഡീല്‍ ഉറപ്പിക്കാമെന്നാണ് ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നത്. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് കാര്യങ്ങള്‍ ഡീല്‍ ചെയ്ത് തരുമെന്ന് ഏജന്റുമാര്‍ക്ക് ഉറപ്പുനല്‍കുന്നതും പുറത്തുവിട്ട ശബ്ദരേഖയിലുണ്ട്. അമിത് ഷായ്ക്ക് ഒപ്പം ഗുജറാത്തിലുണ്ടെന്നും ഡീല്‍ ഉറപ്പിക്കാമെന്നും ടി.ആര്‍.എസ് എം.എല്‍.എമാരോട് പറയുന്നതും ശബ്ദരേഖയിലുണ്ട്.

ബി.എല്‍. സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും അതിന് മുമ്പ് നമുക്ക് ഒന്ന് കാണണമെന്നും ഏജന്റ് നന്ദകുമാറിനോട് തുഷാര്‍ പറയുന്നുണ്ട്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തുഷാര്‍ വെളളാപ്പളളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടി.ആര്‍.എസ് പുതിയ തെളിവുകള്‍ പുറത്തുവിടുന്നത്. തെലങ്കാനയിലെ ‘ഓപ്പറേഷന്‍ കമലിന്’ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് തെലങ്കാന മുഖ്യമന്ത്രി  കെ.സി.ആറിന്റെ ആരോപണം.

നാല് ടി.ആര്‍.എസ്(തെലങ്കാന രാഷ്ട്ര സമിതി) എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ കോടിക്കണക്കിന് രൂപയുമായി പൊലീസ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടാണ് കെ.സി.ആറിന്റെ ആരോപണം.

ടി.ആര്‍.എസ് എം.എല്‍.എമാരെ ബി.ജെ.പിയിലെത്തിക്കാന്‍ തുഷാര്‍ ശ്രമിച്ചു. ഇതിനായി ടി.ആര്‍.എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചു.സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. നാല് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചു. കേസില്‍ അറസ്റ്റിലായ ഏജന്റുമാര്‍ പ്രവര്‍ത്തിച്ചത് തുഷാറിന്റെ നിര്‍ദേശപ്രകാരമെന്നും കെ.സി.ആര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

തെലങ്കാന, ആന്ധ്രാപ്രദേശ്, ദല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാര്‍ അമിത് ഷായുടെ നോമിനിയാണെന്നും കെ.സി.ആര്‍ പറഞ്ഞു. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും കെ.സി.ആര്‍ പുറത്തുവിട്ടിരുന്നു.

CONTENT HIGHLIGHT: TRS released the audio recording of Thushar Vellapally in ‘Operation Tamara’ in Telangana