| Saturday, 5th December 2020, 4:52 pm

ബി.ജെ.പിയെ എങ്ങനെ തടയാമെന്ന് ഹൈദരാബാദ് കാണിച്ചു തന്നു; അടുത്ത തെരഞ്ഞെടുപ്പിനെ ഒരുപടി മുന്നില്‍നിന്ന് നേരിടുമെന്ന് ടി.ആര്‍.എസ് നേതാവ് കെ. കവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബി.ജെ.പിയെ എങ്ങനെ തടയാമെന്ന് ഹൈദരാബാദ് കാണിച്ചു തന്നെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ മകളുമായ കെ കവിത. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ടി.ആര്‍.എസിന് ഹൈദരാബാദില്‍ 12ഓളം സീറ്റുകള്‍ നഷ്ടപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണെന്നും കവിത പറഞ്ഞു.

‘ബി.ജെ.പി ഒറ്റകക്ഷിയാകുന്നതില്‍ നിന്നും തടയാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. രാജ്യത്തെ മറ്റുള്ളവര്‍ക്ക് ടി.ആര്‍.എസിനെ കണ്ട് പഠിക്കാം. ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് ഹൈദരാബാദ് കാണിച്ചു തന്നു,’ കവിത പറഞ്ഞു.

2023ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒരുപടി മുന്നില്‍ നിന്ന് നേരിടുമെന്നും കവിത വ്യക്തമാക്കി.

‘ബി.ജെ.പി തെരഞ്ഞടുപ്പിന് മുന്നോടിയായി നേതാക്കളെ പ്രചാരണത്തിന് ഇറക്കുകയും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എല്ലായിടത്തും ആക്രമണ സ്വഭാവത്തോടെ പെരുമാറുകയെന്നത് ബി.ജെ.പിയുടെ തന്ത്രമാണ്. ആ തന്ത്രം ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. 2023ല്‍ ഒരു പടികൂടി മുന്നില്‍ നിന്നുകൊണ്ട് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടും,’ അവര്‍ പറഞ്ഞു.

ടി.ആര്‍.എസ് ഒരു ദുര്‍ബലമായ പാര്‍ട്ടിയല്ലെന്നും അറുപത് ലക്ഷത്തോളം അംഗങ്ങളുള്ള, നല്ല രീതിയില്‍ സംഘടിക്കുന്ന പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി വിചാരിച്ചത്ര നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ കവിത ആരാകും പുതിയ മേയര്‍ എന്നതിനെ സംബന്ധിച്ച് തീരുമാനം ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും എന്നും പറഞ്ഞു.

മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളിലാണ് ടി.ആര്‍.എസ് വിജയിച്ചത്. 48 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്.

എ.ഐ.എം.ഐ.എം 44 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജയിച്ചു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.

2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ എ.ഐ.എം.ഐ.എം, ടി.ആര്‍.എസിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TRS Leader K Kavitha says that Hyderabad show how defend BJP

We use cookies to give you the best possible experience. Learn more