| Sunday, 29th December 2019, 12:01 pm

ഒടുവില്‍ പൗരത്വ നിയമത്തിനെതിരെ ടി.ആര്‍.എസും തെരുവില്‍; കാരണമായത് ഉവൈസി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ അണിചേര്‍ന്നു. പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധിക്കാന്‍ നിസാമാബാദില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തതോടെയാണ് ടി.ആര്‍.എസിന്റെ നിലപാട് വ്യക്തമായത്.

ഇടതുപാര്‍ട്ടികളും ബി.എസ്.പിയും പങ്കെടുത്ത യോഗത്തിലാണ് ടി.ആര്‍.എസ് പങ്കെടുത്തത്. സഖ്യകക്ഷിയായ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉവൈസി തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവുവിനെക്കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് നിസാമാബാദില്‍ നടന്ന പ്രതിഷേധത്തില്‍ ടി.ആര്‍.എസ് എം.എല്‍.എമാരായ മുഹമ്മദ് ഷക്കീല്‍ അമീര്‍, ജെ. സുരേന്ദര്‍, നിസാമാബാദ് ജില്ലാ പരിഷദ് നേതാവ് ഡി. വിട്ടല്‍ റാവു, പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് ഇ. ഗംഗാ റെഡ്ഢി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനുശേഷം ഉവൈസി റാവുവിനോടു നന്ദി പറയുകയും ചെയ്തു. എന്‍.പി.ആര്‍ സംസ്ഥാനത്തു നടപ്പിലാക്കില്ലെന്ന് അദ്ദേഹം തനിക്ക് ഉറപ്പുനല്‍കിയതായി ഉവൈസി പിന്നീട് പറഞ്ഞിരുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തെങ്കിലും ടി.ആര്‍.എസ് ഒരുഘട്ടത്തിലും നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ അതിനോടുള്ള അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല.

മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ 13 ശതമാനം പേര്‍ മുസ്‌ലിങ്ങളാണെന്നതും നിയമത്തിനെതിരെ തെരുവിലിറങ്ങിയവരില്‍ മുന്‍പന്തിയിലുള്ള എ.ഐ.എം.ഐ.എം തങ്ങളുടെ സഖ്യകക്ഷിയാണെന്നതും ടി.ആര്‍.എസിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി സംസ്ഥാനത്ത് വേരോട്ടം ശക്തിപ്പെടുത്താന്‍ അവസരം തേടിനടക്കുന്നുവെന്ന യാഥാര്‍ഥ്യവും ടി.ആര്‍.എസിനെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതുപോലെ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്തു കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ മുഖ്യമന്ത്രി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

We use cookies to give you the best possible experience. Learn more