ഹൈദരാബാദ്: കെ. ചന്ദ്രശേഖര റാവുവിന്റെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം പൂര്‍ത്തിയായി. ഭാരത് രാഷ്ട്രസമിതി എന്നാണ് ദേശീയ പാര്‍ട്ടിയുടെ പേര്. 2024 പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കെ.സി.ആറിന്റെ പുതിയ നീക്കം.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയുടെ തീരുമാനം.
പാര്‍ട്ടി അംഗങ്ങള്‍ കൂടിയാലോചിച്ചാണ് തീരുമാനമെന്നും രാജ്യ വ്യാപകമായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും കെ.സി.ആര്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച കാബിനറ്റ് മന്ത്രിമാരേയും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരേയും വിളിച്ചുചേര്‍ത്ത് കെ.സി.ആര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
ചന്ദ്രശേഖര്‍ റാവുവിനെ പിന്തുണയ്ക്കാന്‍ മുതിര്‍ന്ന ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും പാര്‍ട്ടിയുടെ 20 എം.എല്‍.എമാരും ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയിരുന്നു.
അതേസമയം മുനുഗോട് ഉപതെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജനറല്‍ ബോഡി യോഗത്തെ വിജ്ഞാപനം ബാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റ് ഭാരവാഹികളും ഉള്‍പ്പെടെ ആകെ 283 നേതാക്കളായിരിക്കും ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കുക.
നവംബര്‍ മൂന്നിനായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. സിറ്റിങ് കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന കൊമട്ടി റെഡ്ഡി രാജഗോപാല റെഡ്ഡിയുടെ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്. 2023ല്‍ നടക്കുന്ന തെലങ്കാന അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആകെചിത്രമായിരിക്കും മുനുഗോട് തെരഞ്ഞെടുപ്പിലൂടെയുണ്ടാകുക എന്നാണ് സൂചന.
Content Highlight: TRS changed to Bharat Rashtra samiti, eyes on 2024 election