ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയിലും എതിര്‍ത്ത് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്). ബില്‍ മുസ്‌ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭയില്‍ ടി.ആര്‍.എസിനു വേണ്ടി സംസാരിച്ച കേശവ റാവു നിലപാട് വ്യക്തമാക്കിയത്.
ബില്‍ പിന്‍വലിക്കണമെന്നും ഇന്ത്യയെന്ന ആശയത്തെ ഇതു വെല്ലുവിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറംഗങ്ങളാണ് ടി.ആര്‍.എസിനു രാജ്യസഭയിലുള്ളത്.
ബില്ലിനെ എതിര്‍ത്ത് സമാജ്‌വാദി പാര്‍ട്ടിയും രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെയും എന്‍.ആര്‍.സിയിലൂടെയും ജിന്നയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണു ശ്രമിക്കുന്നതെന്ന് പാര്‍ട്ടി എം.പി ജാവേദ് അലി ഖാന്‍ രാജ്യസഭയില്‍ പറഞ്ഞു. ഒമ്പത് എം.പിമാരാണ് രാജ്യസഭയില്‍ സമാജ്‌വാദിക്കുള്ളത്.
അതേസമയം ബില്ലിനെ പിന്തുണച്ച് ജെ.ഡി.യു രംഗത്തെത്തി. ബില്‍ വളരെ കൃത്യമാണെന്ന് ജെ.ഡി.യുവിനു വേണ്ടി രാജ്യസഭയില്‍ സംസാരിച്ച ആര്‍.സി.പി സിങ് അഭിപ്രായപ്പെട്ടു.
‘ഈ ബില്‍ വളരെ കൃത്യമാണ്. നമ്മുടെ മൂന്ന് അയല്‍രാജ്യങ്ങളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കുന്നതാണ് ബില്‍. പക്ഷേ ഇവിടെ ചര്‍ച്ച നടക്കുന്നത് ഇന്ത്യന്‍ മുസ്‌ലിം സഹോദരന്മാരുടെ പേരിലാണ്. നമ്മുടെ രാജ്യത്തിനു മൂന്ന് മുസ്‌ലിം രാഷ്ട്രപതിമാരും ഒരു ചീഫ് ജസ്റ്റിസും ഉണ്ടായിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു.
ലോക്സഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു എം.പിയേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ രാജ്യസഭയില്‍ അത് 11 ആണ്. ഇത് രാജ്യസഭയിലെ അനിശ്ചിതത്വം മറികടക്കുന്നതില്‍ ബി.ജെ.പിക്ക് അനുകൂലമായേക്കും.