| Friday, 24th August 2018, 2:54 pm

പ്രളയം കാണാത്തവരല്ല ഇതരസംസ്ഥാന തൊഴിലാളികള്‍ അവര്‍ പേടിച്ചത് നിങ്ങളുടെ പൊതുബോധത്തേയാണ്: കെ. സഹദേവൻ സംസാരിക്കുന്നു

ഷാരോണ്‍ പ്രദീപ്‌

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തിന് പെയ്തിറങ്ങിയപ്പോള്‍ അത്ര എളുപ്പമായിരുന്നില്ല കേരളത്തിന്റെ അതിജീവനം. ഈ അതിജീവനത്തില്‍ ഏറ്റവുമധികം പ്രയാസം നേരിട്ട വിഭാഗങ്ങളില്‍ ഒന്നാണ് ഇതരസംസ്ഥാന തൊഴിലാളികള്‍. ഭാഷപരവും, ഭൂമിശാസ്ത്രപരവുമായ അജ്ഞത ഇവരുടെ അതിജീവത്തിന് വലിയ തടസ്സങ്ങളാണ് സൃഷ്ടിച്ചത്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ പ്രളയക്കെടുതിയുടെ സമയങ്ങളില്‍ പ്രത്യേകമായി സഹായിച്ചത് ഒരുകൂട്ടം യുവജനങ്ങളാണ്. അതില്‍ പ്രധാനിയായ കെ.സഹദേവന്‍ അവര്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്നു.

പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഒരു വിഭാഗമായിരുന്നല്ലോ ഇവിടുത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍. എന്നാല്‍ താങ്കളടക്കുമുള്ള ഒരു വിഭാഗം ഇവരുടെ കാര്യത്തില്‍ വലിയ ജാഗ്രത കാണിക്കുകയും തുടര്‍ച്ചയായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നല്ലോ. എന്തായിരുന്നു ഈ വിഷയം ഏറ്റെടുക്കാന്‍ കാരണം?

കേരളത്തില്‍ ഏതാണ്ട് 30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇത് കുറച്ച് പഴയ കണക്കാണ്. ഇതിന് പല കാരണങ്ങള്‍ കൊണ്ട് തന്നെ ചില കുറവുകള്‍ വന്നിട്ടുണ്ട്. പല കമ്പനികള്‍ പൂട്ടിപ്പോയത് കൊണ്ടും, മെട്രോ പോലെയുള്ള പദ്ധതികളുടെ പണി പൂര്‍ത്തിയായതും ഇവരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമായി. എന്നാലും വലിയ ഒരു സംഖ്യ തൊഴിലാളികള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. പ്രധാനമായും ബംഗാള്‍, ഒഡീഷ, അസ്സം അതുപോലെ തന്നെ ഝാര്‍ഖണ്ഡ്, ചത്തീസ്ഗഢ് പിന്നെ കുറച്ച് ആളുകള്‍ ആന്ധ്രപ്രദേശില്‍ നിന്നും, ഈ രീതിയിലാണ് അവരുടെ പോപ്പുലേഷന്‍. ഇതില്‍ ഏറിയ പങ്ക് പേരും എറണാകുളം ജില്ലയിലാണ്. അതുപോലെ പത്തനംതിട്ട ജില്ല, വയനാട്, പാലക്കാട് എന്നീ ജില്ലകളിലും ഇവര്‍ കൂടുതല്‍ പേരുണ്ട്. ഈ ജില്ലകളില്‍ തന്നെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചതും. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഏറ്റവും വലിയ രീതിയില്‍ ബാധിക്കുന്നത് എപ്പോഴും ഒരു വിഭാഗം  ഇതരസംസ്ഥാന തൊഴിലാളികളെ തന്നെയായിരിക്കും, ഇതിന്റെ പ്രധാന കാരണം ഭാഷയാണ്. ദുരന്തസ്ഥലത്തേക്കെത്തുന്ന അടിയന്തര സന്ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമെല്ലാം ആ പ്രദേശത്തുള്ള ഭാഷയില്‍ തന്നെയായിരിക്കും എന്നത് ഈ തൊഴിലാളികളെ സംബന്ധിച്ച് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചതും ഇതുതന്നെയായിരുന്നു. മുന്‍ അനുഭവങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഉള്ളതുകൊണ്ട് തന്നെയും ഭാഷാപരമായും അല്ലാതെയും അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നതുകൊണ്ടും ഞങ്ങള്‍ ഒരു സംഘം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കുകയാണ് ചെയ്തത്.



ഇത്തരം നാചുറല്‍ ഡിസാസ്റ്റര്‍ നടന്ന മൂന്ന് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഒന്ന് 1999ലെ ഓഡീഷയിലെ സൂപ്പര്‍ സൈക്ലോണ്‍, രണ്ടാമത്തത് 2002ലെ ഗുജാറത്തില്‍ നടന്ന ഭൂകമ്പം, മൂന്നാമത്തത് 2006ല്‍ സൂററ്റ് നഗരം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ സാഹചര്യം. ഈ സ്ഥലങ്ങളിലൊക്കെ സമാനമായ സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി സൂററ്റ് ഏകദേശം നാല് ലക്ഷത്തോളം ഒഡീഷ തൊഴിലാളികള്‍ ജോലി ചെയ്യുന്ന പ്രദേശമാണ്. അന്ന് നമ്മുക്ക് ഒരു മുന്നനുഭവം ഉണ്ടായിരുന്നില്ല. അവിടെ അന്ന് വാര്‍ത്തവിനിമയവും, അനൗണ്‍സ്‌മെന്റുകളും നടന്നിരുന്നത് ഗുജറാത്തിയിലായിരുന്നു. സ്വാഭാവികമായിട്ടും ഇവര്‍ക്ക് ഇത് ഇത് മനസ്സിലാക്കാന്‍ പ്രായോഗിക തടസ്സമുണ്ട്. അതുപോലെ ലോക്കല്‍ സപ്പോര്‍ട്ട് വളരെ കുറവായിരുന്നു. ഇത് ബോധപൂര്‍വ്വം ചെയ്തു എന്നല്ല പറയുന്നത്. എന്നാല്‍ ഇത്തരം ബന്ധുജനങ്ങളില്‍ നിന്നുള്ള പിന്തുണ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കുറവായിരിക്കും.

കേരളത്തിലെ മറ്റ് ജനവിഭാഗങ്ങള്‍ പ്രളയത്തെ നേരിട്ടത് പോലെയാവില്ല, ഇതരസംസ്ഥാന തൊഴിലാളികള്‍ നേരിട്ടിട്ടുണ്ടാവുക. അവര്‍ കടന്ന് പോയ ആശങ്കകളും, പ്രതിസന്ധികളും ഏതെല്ലാം വിധത്തില്‍ വ്യത്യസ്തമാണ്?

നമ്മളെ സംബന്ധിച്ച് ഇത്തരം ഒരു സാഹചര്യം പുതിയതാണ്. 80 വയസ്സിന് മുകളിലുള്ളവരല്ലാതെ ആരും ഇത്തരമൊരു പ്രളയം മുമ്പ് നേരിടേണ്ടി വന്നിട്ടില്ല. അതേ സമയം ഒറീസയില്‍ നിന്നും ബംഗാളില്‍ നിന്നും വരുന്നവര്‍ക്ക് വെള്ളപ്പൊക്കം എന്ന് പറയുന്നത് ഒട്ടും പുതിയതല്ല. അവരെ സംബന്ധിച്ച് ബംഗാള്‍ ഉള്‍ക്കടിലെല്‍ ന്യൂനമര്‍ദവും, ബ്രഹ്മപുത്രയിലെ പ്രളയവും, പത്മാവതിലും യമുനയിലും ഉണ്ടാവുന്ന വെള്ളപ്പൊക്കവും  അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പ്രളയമല്ല അവരുടെ പേടി. അവരുടെ പേടി ഇത്തരം ഒരു ഘട്ടത്തില്‍ വരുന്ന കൂട്ടായ്മ അവര്‍ക്ക് അനുകൂലമാവുമോ എന്നുള്ളതാണ്. തൊഴില്‍ നഷ്ടം പോലും രണ്ടാമതാണ്. അവര്‍ ചൂഷണങ്ങളല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല, അതുകൊണ്ട് തന്നെ ഈ സപ്പോര്‍ട്ട് സിസ്റ്റം അവരെ പരിഗണിക്കുമോ എന്നതിലായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ അവര്‍ ഇവിടുന്ന് പെട്ടന്ന് പോവാനാണ് ആഗ്രഹിക്കുന്നത്. ഇന്നലെ തന്നെ ഇവിടെ നിന്ന് മടങ്ങിപ്പോയ പലരുടേയും വീടുകള്‍ വെള്ളത്തിലാണ് അവിടെ. ഇവിടെ നിന്നും പോയിക്കഴിഞ്ഞാലും ക്യാംപുകളിലേക്ക് പോവേണ്ട ആളുകളുണ്ട്. നമ്മള്‍ ഇത്രയും കാലം കാണിച്ച വിവേചന മനോഭാവം കൊണ്ട് അവര്‍ക്കുണ്ടായ ആശങ്ക സമൂഹം അവര്‍ക്ക് അനുകൂലമായി പ്രതികരിക്കുമോ എന്നതിലായിരുന്നു. അത് മനസ്സിലാക്കിക്കൊണ്ടാണ്. പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പ്രതികൂലമായിരുന്ന സാഹചര്യങ്ങളിലും എങ്ങിനെയാണ് ഈ സംഘാടനം സാധ്യമാക്കിയത്?

നമ്മുക്ക് വ്യവസ്ഥാപിത രീതികളോ സംഘടനാ രീതികളോ ഇല്ല. എന്നിരുന്നാലും നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങളുടെ ഇടയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ അവര്‍ നേരിട്ട പ്രതിസന്ധികള്‍ അതിരൂക്ഷമാണ്. അവര്‍ക്ക് വേണ്ടി ബോംബൈ ഐ.ഐ.ടി പോലെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നമ്മള്‍ “”മള്‍ട്ടി ലിങ്ക്വല്‍ കാള്‍ സെന്ററുകള്‍”” ആരംഭിച്ചിട്ടുണ്ടായിരുന്നു. നമ്മള്‍ പലരും അവരെ ഹിന്ദിക്കാര്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി അവരുടെ മാതൃഭാഷ ഹിന്ദിയല്ല. പലരും ബംഗാളി ഭാഷ സംസാരിക്കുന്നവരാണ്, അല്ലെങ്കില്‍ ഒറിയയോ, അസ്സമിയോ സംസാരിക്കുന്നവരാണ്. പലര്‍ക്കും ഹിന്ദി കൃത്യമായി അറിയില്ല. അവര്‍ നില്‍ക്കുന്ന



ഒരു പ്രദേശത്തിന്റെ ചുറ്റുപാടല്ലാതെ അതിനപ്പുറം ഉള്ള കാര്യങ്ങള്‍ അവര്‍ക്ക് അറിയുകയുമില്ല. ഒരു കാള്‍ വരികയാണ് “”ചേട്ടാ ഞാന്‍ ഇന്ന സ്ഥലത്ത് നില്‍ക്കുകയാണ്”” എന്ന് പറഞ്ഞ് കൊണ്ട് അവര്‍ക്ക് അത് കൃത്യമായി പറയാന്‍ പോലും അറിയില്ല. ആ സ്ഥലം എവിടെയാണെന്നോ ഏത് ജില്ലയിലാണെന്നോ അവര്‍ക്ക് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അവരുടെ ഭാഷയിലുള്ള വാര്‍ത്താവിനിമയം സംഭവിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ബോംബൈ ഐ.ഐ.ടി കേന്ദ്രീകരിച്ച്, അവിടുത്തെ മലയാളി സുഹൃത്തുകളായ രഞ്ജിത്ത്, ദിവ്യ, ജിഷ്ണു തുടങ്ങിയവരും മറ്റ് ഭാഷ സംസാരിക്കുന്നവരും എല്ലാവരും ചേര്‍ന്ന് ഈ നെറ്റ്വര്‍ക്ക് ഉണ്ടായത്. കിട്ടുന്ന സന്ദേശങ്ങള്‍ പരമാവധി വേഗത്തില്‍ അവരുടെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു. നമ്മള്‍ ചെയ്ത വര്‍ക്ക് ഒരു ചെറിയ ശതമാനത്തിന് മാത്രമേ എത്തിക്കാന്‍ സാധിച്ചിട്ടുള്ളു, ഒരു ക്ലെയിം പോലും അതില്‍ ഉന്നയിക്കാന്‍ സാധിക്കില്ല എന്നതാണ് വസ്തുത. എന്നാല്‍ കുറച്ച് പേരിലേക്കെങ്കിലും ഈ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിച്ചു.

മറ്റുള്ളവരുടെ സഹകരങ്ങള്‍ എങ്ങിനെയായിരുന്നു?

കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തക്കുന്നവര്‍ ഓട്ടോമാറ്റിക്ക് ആയിട്ട് തന്നെ ഈ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയിലേക്ക് വന്നു. ഒരാള്‍ പത്തനംതിട്ടയില്‍ ഇങ്ങനെ പെട്ടിരിക്കുവണ് ചേട്ടാ എന്ന് വിളിച്ച് പറഞ്ഞാല്‍ ഉടനെ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്ക് എത്തിക്കുക, ഗൂഗിള്‍ കോര്‍ഡിനേറ്റ്‌സ് ഉപയോഗിക്കുക എന്നീ രീതികള്‍ ഉപയോഗിച്ചു. ഒരു തവണ നമ്മള്‍ ഒരു സന്ദേശം കൊടുത്താല്‍ പിന്നെ അവരത് അവരുടെ സുഹൃത്തുകളിലേക്കെല്ലാം കൈമാറിക്കോളും. അങ്ങനെ വിവരങ്ങള്‍ പരമാവധിപേരിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നു.



എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഒരു ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചു. അവിടേയും ഒരുപാട് യുവജനങ്ങള്‍ സഹായിച്ചു. ഇവിടെയൊന്നും ഏതെങ്കിലും സംഘടനയുടെ പേരോ, വ്യക്തിയുടെ പേരോ എടുത്ത് പറയാനില്ല. വ്യക്തിപരമായിട്ട് ഒറീസയിലെ ലേബര്‍ മിനിസ്റ്ററെ ബന്ധപ്പെടാനും അവരുടെ പ്രതിനിധികളേയും റെസ്‌ക്യൂ വര്‍ക്കേസിനേയും ഇവിടെ എത്തിക്കാനും സാധിച്ചിരുന്നു. പ്രളയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഒരു വാര്‍ത്തയേ ആയിരുന്നില്ല, അതുകൊണ്ട് തന്നെ ഇവിടുത്തെ കാര്യങ്ങള്‍ അറിയാത്തത് കൊണ്ട് ഇവരുടെ ബന്ധുക്കള്‍ വലിയ പ്രശ്‌നങ്ങള്‍ നേരിട്ടു. പലരും കരയുകയായിരുന്നു. അതുകൊണ്ട് ഈ സംസ്ഥാനങ്ങളില്‍ വാര്‍ത്തകള്‍ എത്തിക്കാനും ഞങ്ങള്‍ ശ്രമിച്ചിരുന്നു അതും ഒരു പരിധിവരെ വിജയിച്ചു. ഇവിടെ പലയിടങ്ങളിലും പെട്ടുപൊയ തൊഴിലാളികള്‍ക്ക് വെള്ളപ്പൊക്കം അവസാനിച്ചാലും ഉടന്‍ തന്നെ ജോലികള്‍ തുടരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. വെള്ളം ഉയര്‍ന്നതോടെ പലരെയും സ്ഥാപനമുടമകള്‍ റോഡില്‍ കൊണ്ട് വിട്ട് രക്ഷപ്പെടുകയായിരുന്നു. പ്രത്യാകിച്ചും ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങളില്‍. അതിനാല്‍ തന്നെ എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവര്‍ ആഗ്രഹിച്ചിരുന്നത്. അതിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചുകിട്ടാന്‍ കേന്ദ്രസര്‍ക്കാറിലും, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ സംസ്ഥാന സര്‍ക്കാറുകളിലും സമ്മര്‍ദം ചെലുത്താനുമുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു കിട്ടിയതും യാത്രാട്ടിക്കറ്റ് സൗജന്യമായി നല്‍കാനുള്ള തീരുമാനം ഉണ്ടായതും ഇവര്‍ക്ക് വലിയൊരു ആശ്വാസമാണുണ്ടാക്കിയത്. എന്നാലും ആ ദിവസങ്ങളില്‍ അവര്‍ അനുഭവിച്ച പട്ടിണിയും മറ്റ് അരക്ഷിതാവസ്ഥകളും അതിഭീകരം തന്നെയായിരുന്നു.

പ്രളയത്തിന് മുമ്പേ തന്നെയും ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ താരതമ്യേന മോശം തന്നെയായിരുന്നില്ലേ?

അതെ. വേണമെങ്കില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട ഒരു ക്വാളിറ്റി അന്തരീക്ഷം കേരള സര്‍ക്കാര്‍ ഉണ്ടാക്കി എന്ന് നമ്മുക്ക് അവകാശപ്പെടാമെങ്കിലും, പ്രായോഗിക തലത്തില്‍ അവരെ സഹായിക്കുന്ന നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് നമ്മുക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കും. മെട്രോയിലെല്ലാം ലക്ഷക്കണക്കിന് തൊഴിലാളികള്‍ പത്തും പതിനാറും മണിക്കൂര്‍ ജോലി ചെയ്തിരുന്നു. ഇവര്‍ക്ക് കിട്ടുന്ന ശമ്പളം എന്ന് പറയുന്നത് അഞ്ഞൂറ് രൂപയാണ്. ഇത് സര്‍ക്കാര്‍ കണക്കുകളില്‍ 800, മണിക്കൂറിന് 120 എന്നൊക്കെ കണക്കുകള്‍ ഉണ്ടാവുമെങ്കിലും പല ഏജന്‍സികളും ഇവരെ ചൂഷണം ചെയ്തിട്ടുണ്ട്. ഇത് സര്‍ക്കാരിനറിയാം, ട്രേഡ് യൂണിയനുകള്‍ക്കറിയാം എല്ലാ മഹാരഥന്‍മാര്‍ക്കുമറിയാം. എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഈ പ്രളയം വരുന്നതിന് മുമ്പുള്ള സമാധാന കാലത്ത് തന്നെ അവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഈ അഴുക്കും മാലിന്യവുമുണ്ട്. തൊഴില്‍ ചൂഷണവും വംശീയാധിക്ഷേപങ്ങളും ആള്‍ക്കൂട്ടാക്രമണങ്ങളും എല്ലാമടക്കം നിരവധി നിരവധി പ്രതികൂലാവസ്ഥകളെ തരണം ചെയ്താണ് അവര്‍ ഇവിടെ ജീവിച്ചുപോകുന്നത്.

ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാലിക്കേണ്ട ജാഗ്രതകള്‍ എന്തായിരുന്നു?

ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അടിയന്തരമായി ചെയ്യേണ്ട കാര്യം എത്രയും പെട്ടന്ന് ഈ ആളുകളുടെ സാമന്യമായ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുകയും, അതിന് വേണ്ടി ഒരു സെല്‍ രൂപീകരിച്ച് ഇവരുടെ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ആണ്. അപ്പോഴാണ് ഈ വിഷയത്തില്‍ ഒരു ഗവണ്‍മെന്റ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു എന്ന് പറയാന്‍ സാധിക്കുക അത്തരത്തിലുള്ള ഒരു നടപടികളും ഉണ്ടായിട്ടില്ല. ഇവരുടെ ലേബര്‍ ക്യാമ്പുകളില്‍ മഴക്ക് മുമ്പ് തന്നെ ഇവര്‍ ജീവിച്ചത് എങ്ങനെയാണ്. ഒരു സാധരണ മഴ പെയ്താല്‍ തന്നെ വെള്ളം കയറുന്ന സ്ഥലങ്ങളാണ്. ഈ രീതിയിലാണ് അവരെ വര്‍ഷങ്ങളായി പാര്‍പ്പിച്ച് കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ ഒരു പ്രസ്താവന ഇറക്കുന്നതില്‍ അയുക്തിയുണ്ട്. ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല, ചെയ്യാഞ്ഞിട്ടാണ്. തൊഴില്‍ വകുപ്പും അതിനൊരു മന്ത്രിയും, ഉദ്യോഗസ്ഥരുമുള്ള നാട്ടില്‍ അവര്‍ക്ക് വേണ്ടി ഒരു പ്രവര്‍ത്തനം ഇല്ലെങ്കില്‍ അത് വലിയൊരു ദ്രോഹമായിരിക്കും. ഇത് ഒരു എന്‍.ജി.ഓയെ ഏല്പ്പിച്ചത് കൊണ്ടായില്ല. നേരിട്ടുള്ള ഇടപെടലുകളുണ്ടാവേണ്ടതുണ്ട്.

ഷാരോണ്‍ പ്രദീപ്‌

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more