| Thursday, 31st March 2022, 9:29 am

യോഗിയുമായി അഖിലേഷിന്റെ അമ്മാവന്റെ കൂടിക്കാഴ്ച; യു.പിയില്‍ വന്‍ ട്വിസ്റ്റ്; അണിയറയിലെ നീക്കം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ് ബുധനാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും 30 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ചകളുടെ വിശദാംശങ്ങളൊന്നും ലഭ്യമല്ലെങ്കിലും, അഖിലേഷിന്റെ സമാജ്‌വാദിക്കെതിരെയുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് സൂചന.

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശിവ്പാല്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്.

മാര്‍ച്ച് 24 ന് അഖിലേഷും ശിവാപാലും കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി അഖിലേഷ് യാദവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

‘ശിവപാല്‍ യാദവ് വലിയ സംഘടനാപരമായ പങ്ക് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ എസ്.പിയുടെ പിന്തുണയോടെ ശിവ്പാല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പ്രഗതിശീല് സമാജ് വാദി പാര്‍ട്ടി വിപുലീകരിക്കണമെന്ന് അഖിലേഷ് യാദവ് നിര്‍ദ്ദേശിച്ചു,’ വൃത്തങ്ങള്‍ പറഞ്ഞു.

ആറ് തവണ എം.എല്‍.എയായ അദ്ദേഹം ഇറ്റാവയിലെ ജസ്വന്ത് നഗര്‍ സീറ്റില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു, എന്നാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ എസ്.പിയില്‍ നിന്ന് അഞ്ച് എം.എല്‍.എമാരെയെങ്കിലും അദ്ദേഹം പിന്‍വലിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്.

2016ലുണ്ടായ അധികാര തര്‍ക്കത്തെത്തുടര്‍ന്ന് ശിവ്പാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് അദ്ദേഹം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ ശിവ്പാലിന്റെ നേതൃത്വത്തിലുള്ള ‘പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി’ക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

Content Highlights: Trouble In UP Alliance? Akhilesh Yadav’s Uncle Meets Yogi Adityanath

We use cookies to give you the best possible experience. Learn more