സോണിയ ഗാന്ധിയുടെ 'ഇടക്കാല'ത്തിന് ഒടുവില്‍ ഇടഞ്ഞ് പഞ്ചാബ് കോണ്‍ഗ്രസും; പുറത്തേക്ക് അമരീന്ദറോ അതോ...?
Punjab Crisis
സോണിയ ഗാന്ധിയുടെ 'ഇടക്കാല'ത്തിന് ഒടുവില്‍ ഇടഞ്ഞ് പഞ്ചാബ് കോണ്‍ഗ്രസും; പുറത്തേക്ക് അമരീന്ദറോ അതോ...?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 11:11 am

ന്യൂദല്‍ഹി: എന്‍.ഡി.എ സഖ്യവുമായി മൃദു സമീപനം പുലര്‍ത്തിയും അമരീന്ദര്‍ സര്‍ക്കാരിനോട് ഇടഞ്ഞും പ്രതിസന്ധിയുടെ വക്കിലെത്തി നില്‍ക്കുകയാണ് പഞ്ചാബിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി ചുമതലയേറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പഞ്ചാബില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നത്.

ഇന്നാണ് സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത്. സമീപകാലത്തായി കോണ്‍ഗ്രസിന് അധികാരമുള്ള സംസ്ഥാനങ്ങളില്‍നിന്നുയരുന്ന ഇടച്ചിലുകള്‍ സോണിയയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. കോണ്‍ഗ്രസിനുള്ളിലെ മുതിര്‍ന്നവരും ചെറുപ്പക്കാരും തമ്മിലുള്ള തര്‍ക്കമാണ് എല്ലായിടങ്ങളിലും ഭിന്നിപ്പിന് കാരണമാവുന്നത്.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്ന് വര്‍ഷം പിന്നിടുകയാണ്. ഇതുവരെ സര്‍ക്കാരിനുള്ളില്‍നിന്നും വിമത ശബ്ദങ്ങളൊന്നും തന്നെ പുറത്തേക്കെത്തിയിട്ടുണ്ടായിരുന്നില്ല. ഇതുതന്നെയാണ് ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നതും.

സംസ്ഥാനത്തുണ്ടായ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം പുകയുന്നത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നും പ്രധാന എതിരാളികളായ ശിരോമണി അകാലി ദളില്‍നിന്നും സര്‍ക്കാരിനെതിരെ ആരോപണങ്ങളുയരുന്നുണ്ട്. വിഷ മദ്യ ദുരന്തത്തില്‍ ഇതുവരെ 121 പേരാണ് കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസ് നേതാക്കളും രാജ്യസഭ എം.പിമാരുമയ പര്‍താപ് സിങ്  ബജ്വ യും ഷംഷെര്‍ സിങ് ദുള്ളോയുമാണ് അമരീന്ദറിന്റെ ഭരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വിഷ മദ്യദുരന്തം സംസ്ഥാന സര്‍ക്കാരല്ലാതെ സി.ബി.ഐ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് രണ്ട് ചേരികളിലേക്ക് മാറിയത്.

‘എതിരാളികള്‍ക്കെതിരായ ഞങ്ങളുടെ പടച്ചട്ടയില്‍ സുഷിരങ്ങള്‍ വീണുകഴിഞ്ഞു. കേന്ദ്രയൂണിറ്റില്‍ നിന്നുള്ള ഭിന്നിപ്പാണ് ഇപ്പോള്‍ പഞ്ചാബില്‍ നടക്കുന്നത്. വിഷയം കൂടുതല്‍ വഷളാക്കാതെ അടിയന്തരമായ ഇടപെല്‍ നടത്തുകയാണ് പഞ്ചാബ് പോലെയുള്ള സംസ്ഥാനത്ത് വേണ്ടത്’, പേരുവെളിപ്പെടുത്താത്ത ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കുമ്പോഴാണ് പഞ്ചാവും സമാനമായ പ്രതിസന്ധിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ഓഗസ്റ്റ് 14ന് ഗെലോട്ട് സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ പഞ്ചാബും കോണ്‍ഗ്രസിന് തലവേദനയാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

പഞ്ചാബില്‍ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കിനെതിരെ തിരിഞ്ഞ ബജ്‌വയെയും ദുള്ളോയെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനോട് ആവശ്യുപ്പെട്ടു. മുഖ്യമന്ത്രി അമരീന്ദറിനെയും സംസ്ഥാനാധ്യക്ഷന്‍ സുനില്‍ ജാഖറിനെയും പുറത്താക്കണമെന്ന നിലപാടിലാണ് ജബ്‌വയും ദുള്ളോയും.

ഇടക്കാല അധ്യക്ഷ സ്ഥാനത്ത് തുടരുന്ന സോണിയയെ പിന്തുണയ്ക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍ അനിവാര്യമാണ് എന്ന ആവശ്യം പാര്‍ട്ടിയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നുണ്ട്. ശശി തരൂര്‍ അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ഇടക്കാല അധ്യക്ഷ എന്ന ഭാരം അനിശ്ചിതമായി സോണിയയുടെ ചുമലില്‍ത്തന്നെ ഏല്‍പ്പിക്കുന്നത് അനീതിയാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

പുതിയ അധ്യക്ഷനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും അതുവരെ സോണിയ ഗാന്ധിതന്നെ തല്‍സ്ഥാനത്ത് തുടരുമെന്നുമാണ് കോണ്‍ഗ്രസ് ഞായറാഴ്ച ഔദ്യോഗികമായി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Trouble in Punjab Congress marks Sonia Gandhi’s one year as interim Congress chief