മുംബൈ: മഹാ വികാസ് അഘാടി സഖ്യത്തിനകത്ത് അസ്വാരസ്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് നിരീക്ഷകന്‍ എച്ച്.കെ പാട്ടീലും മറ്റ് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ശനിയാഴ്ച സന്ദര്‍ശിച്ചു. അഭിപ്രായവ്യത്യാസങ്ങളും പരാതികളും ഉദ്ദവ് താക്കറെയെ അറിയിക്കാന്‍ വേണ്ടിയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്.
മഹാ വികാസ് അഘാടി ഗവണ്‍മെന്റിന്റെ ഘടകങ്ങള്‍ തയ്യാറാക്കിയ പൊതു മിനിമം പ്രോഗ്രാം പിന്തുടരണമെന്ന് ഉദ്ദവിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് സൂചന. ശിവസേന നേതാവ് സഞ്ജയ് റാവത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ നിരന്തരം വിമര്‍ശിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
എന്‍.സി.പി നേതാവും സംസ്ഥാന ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ്മുഖിനെതിരെ മുന്‍ മുംബൈ പൊലീസ് മേധാവി പരംബീര്‍ സിംഗ് ഉന്നയിച്ച അഴിമതി ആരോപണം സഖ്യത്തിനകത്ത് ചെറിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ക്ക് കാരണമായിരുന്നു.
ഐ.പി.എസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വിവിധ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനാണ് വാസെ.
മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനായി 1,750 ബാറുകളും റെസ്റ്റോറന്റുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്നും വാസെയോട് പറഞ്ഞതായി പരംബിര്‍ സിംഗ് പറയുന്നു. 2-3 ലക്ഷം രൂപ വീതം പിരിച്ചെടുത്താല്‍ പ്രതിമാസം 40-50 കോടി രൂപ പിരിച്ചെടുക്കാനാവും എന്ന് മന്ത്രി പറഞ്ഞതായി സിംഗ് പറയുന്നു.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ദേശ്മുഖ് ആണ് പൊലീസ് മേധാവിയെ മാറ്റിയതായി അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക