ഭോപ്പാല്‍ : മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. എട്ട് എം.എല്‍.എമാര്‍ ഹരിയാനയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലാണെന്നാണ് വിവരങ്ങള്‍. നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ട് ബി.എസ്.പി എം.എല്‍.എമാരും ഒരു എസ്.പി എം.എല്‍.എയും ഒരു സ്വതന്ത്രനുമാണ് റിസോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചനകള്‍.
എം.എല്‍.എമാര്‍ ബി.ജെ.പി ക്യാമ്പിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബി.ജെ.പി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
” ഞങ്ങളുടെ എം.എല്‍.എമാരില്‍ ഒരാളും മുന്‍മന്ത്രിയുമായിരുന്ന ബിസാഹുലാല്‍ സിങ് വിളിച്ചിരുന്നു. അവരെ ബലമായി ഐ.ടി.സി മറാത്ത ഹോട്ടലില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്ത് കടക്കാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞു,” മധ്യപ്രദേശ് ധനകാര്യ മന്ത്രി തരുണ്‍ ഭനോട്ട് എന്‍.ഡി.ടിവിയോട് പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ശിവരാജ് സിങും മുന്‍മന്ത്രി നരോത്തം മിശ്രയും ചേര്‍ന്ന് 25- 30 കോടി വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംങ് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
230 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 107 അംഗങ്ങളും. ബാക്കിയുള്ള സീര്‌റുകളില്‍ രണ്ട് സീറ്റുകളില്‍ ബി.എസ്.പിയും ഒന്നില്‍ എസ്.പിയുമാണ്.
ബി.ജെ.പി നേതാക്കള്‍ സൗജന്യമായി പണവുമായി സമീപിച്ചാല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരോട് പറഞ്ഞിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഇന്നലെ പറഞ്ഞിരുന്നു. തന്റെ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.