| Wednesday, 26th October 2022, 3:24 pm

എന്നാലും ആരാണീ പ്രീതി; ഗവര്‍ണര്‍ മഹാരാജന്റെ അപ്രീതിക്ക് പാത്രമായവരെ എത്രയും വേഗം നാട് കടത്തണം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രീതി നഷ്ടമയതിനെ തുടര്‍ന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പുറത്താക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ഓണ സദ്യക്കുള്ള വില എല്ലാവരും മനസിലാക്കട്ടെ എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഗവര്‍ണറെ ട്രോളുന്നത്.

ഗവര്‍ണര്‍ മഹാരാജന്റെ അപ്രീതിക്ക് പാത്രമായവരെ എത്രയും വേഗം നാട് കടത്തണം, അമ്മാമന്‍ അങ്കമാലീലെ ആരാന്നാ പറഞ്ഞെ? തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ ഉദ്ദേശിച്ച പ്രീതി ഉടന്‍ തിരിച്ചുവരണമെന്നും ചിലര്‍ പരിഹസിക്കുന്നു.

‘ഹെന്നാലും ഹെന്റെ പ്രീതീ എന്തിനീ കൊലച്ചതി ചെയ്തു? വേഗം തിരിച്ചുവരൂ, ലങ്ങേര് കാത്തിരിക്കുന്നു…
ഇന്ദുലേഖ പോയി, തോഴി മതിയെന്ന് സൂര്യ നമ്പൂതിരിപ്പാടല്ലേ പറഞ്ഞത്,’ എന്നാണ് മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ പറഞ്ഞത്.

‘ഒരു കോമാളി രാജകൊട്ടാര മലങ്കരിച്ചാല്‍ അയാള്‍ രാജാവാകുകയല്ല, കൊട്ടാരം സര്‍ക്കസ് കൂടാരമാവുകയാണ് ചെയ്യുക ‘ ടര്‍ക്കിഷ് പഴമൊഴിയാണ്.
ഇനി കേരളത്തിനോടുള്ള പ്ലഷര്‍ കുറയുമ്പോള്‍, അറബിക്കടലില്‍ മുക്കാന്‍ ഉത്തരവിടുമോ എന്നാണ് അറിയേണ്ടത്. എന്തും സംഭവിച്ചേക്കാവുന്ന നിലയിലാണ് മനസ്, എന്ന് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘പല വേര്‍ഷനും കണ്ടിട്ടുണ്ട്, പ്ലഷര്‍ പോയാ പിന്നെ എന്ത് ചെയ്യാനാ, ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കാഴ്ചക്കുലയുമായി ധനമന്ത്രി വന്ന് കണ്ടാല്‍ പോയ പ്രീതി തിരിച്ച് വന്നേക്കും. മൂര്‍ച്ഛിക്കും മുന്‍പ് വല്ലതും ചെയ്യണം,’ തുടങ്ങിയവയാണ് മറ്റ് ചില കമന്റുകള്‍.

ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പുറത്താക്കണമെന്നാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ അവശ്യപ്പെട്ടത്.
ഇതുസംബന്ധിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എന്നാല്‍ ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രി തള്ളി.

ധനമന്ത്രിയുടെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ കത്തയച്ചത്. ധനമന്ത്രിയില്‍ പ്രീതി നഷ്ടമായെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHT: Trolls rained on social media After Governor Arif Mohammad Khan’s demand to oust Balagopal

We use cookies to give you the best possible experience. Learn more