അക്ഷയ് കുമാറിന്റെ ‘വേദാന്ത് മാറാത്തേ വീര്‍ ദൗദ്‌ലേ സാത്ത്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഛത്രപതി ശിവജി മഹാരാജായാണ് അക്ഷയ് കുമാര്‍ സിനിമയിലെത്തുന്നത്.
തുടര്‍പരാജയങ്ങളില്‍ നിന്നും ഒരു മോചനം പ്രതീക്ഷിച്ചുകൊണ്ടാണ് അക്ഷയ് കുമാര്‍ പുതിയ ചിത്രവുമായി എത്തുന്നത്. എന്നാല്‍ ഫസ്റ്റ് ലുക്കിന് പിന്നാലെ ചിത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയുടെ അവസാന ഭാഗത്ത് ഇലക്ട്രിക് ബള്‍ബുകള്‍ തൂക്കിയിട്ട ഒരു ഷാന്‍ഡിലയര്‍ കടന്നുവരുന്നുണ്ട്. കൊട്ടാരത്തിലൂടെ നടന്നുവരുന്ന ശിവജിയുടെ പുറകില്‍ മാസ് ലുക്കിലാണ് ഈ ബള്‍ബുകളെത്തുന്നത്.
View this post on Instagram
പക്ഷെ, മാസിന് പകരം ട്രോള്‍മഴയാണ് അക്ഷയ് കുമാറിനും അണിയറപ്രവര്‍ത്തകര്‍ക്കും ഈ ഷാന്‍ഡിലിയര്‍ സമ്മാനിച്ചിരിക്കുന്നത്. 1880തില്‍ തോമസ് ആല്‍വ എഡിസണ്‍ കണ്ടുപിടിച്ച ബള്‍ബ് 1630 മുതല്‍ 1680 വരെ ജീവിച്ച ഛത്രപതി ശിവജിയുടെ കൊട്ടാരത്തില്‍ എങ്ങനെ വന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദിക്കുന്നത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വെറുതെ വലിച്ചിഴച്ച് ന്യായീകരണത്തിന് നില്‍ക്കരുതെന്നും, ഏറ്റവും അലസമായ ഫിലിം മേക്കിങ്ങ് മാത്രമാണ് ഇവിടെ നടന്നിരിക്കുന്നതെന്നുമാണ് മറ്റൊരു കമന്റ്. ഇത്തരത്തില്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ട്രോളുകളും കമന്റുകളും നിറയുന്നുണ്ട്. അക്ഷയ് കുമാറിന്റെ പോസ്റ്റിലും നിരവധി പേര്‍ ഈ പിഴവ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ശിവജിയുടെ വേഷത്തിലെത്തി ഏറെ പോപ്പുലറായ മറ്റൊരു നടനുമായുള്ള താരതമ്യങ്ങളും അക്ഷയ് കുമാറിനെതിരെ ഉയരുന്നുണ്ട്. തന്‍ഹാജി എന്ന ചിത്രത്തില്‍ ശിവജിയായി എത്തിയ ശരദ് കേല്‍ക്കറാണ് ഈ വേഷത്തിന് ഏറ്റവും അനുയോജ്യനെന്നാണ് ചിലര്‍ പറയുന്നത്.
നേരത്തെ പരാജയങ്ങളേറ്റു വാങ്ങിയ ചിത്രങ്ങളോടനുബന്ധിച്ചും അക്ഷയ് കുമാറിനെതിരെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ഇറങ്ങിയിരുന്നു.
മഹേഷ് മഞ്ജ്‌രേക്കര്‍ സംവിധാനം ചെയ്യുന്ന ‘വേദാന്ത് മാറാത്തേ വീര്‍ ദൗദ്‌ലേ സാത്ത്’ മറാത്തിയില്‍ തന്നെയാണ് ഒരുക്കുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാത്തി ചിത്രമാണ് ഇത്. 2023 ദീപാവലിക്കായിരിക്കും ചിത്രം റിലീസിനെത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
Content Highlight: Trolls over Akshay Kumar’s new movie about chattrapati Shivaji