| Monday, 4th March 2024, 9:22 am

ചിദംബരമല്ലല്ലേ...സോറി ആളുമാറിപോയി; മഞ്ഞുമ്മൽ-ഡി കോക്ക് ട്രോളുകൾ ശ്രദ്ധ നേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2024ല്‍ പുറത്തിറങ്ങിയ നാലാമത്തെ സൂപ്പര്‍ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന സിനിമ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഇപ്പോഴിതാ മറ്റൊരു രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെ കാണാന്‍ മുന്‍ സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിനെ പോലെയുണ്ടെന്നുള്ള രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയുന്നത്. ചിദംബരത്തിന് സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ മുഖ സാദൃശ്യമുണ്ടെന്നുള്ള ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ട്രോളുകള്‍ക്ക് താഴെ രസകരമായ കമന്റുകളുമാണ് ആളുകള്‍ രേഖപ്പെടുത്തിയത്.

‘ശരിയാണല്ലോ നല്ല ഛായയുണ്ട് ആ ചിരി’, ‘സിനിമ തിരക്കുകള്‍ക്കിടയിലും സൗത്ത് ആഫ്രിക്കക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു’, ‘ചിദംബരമല്ലല്ലേ സോറി ആളു മാറിപ്പോയി’ എന്നിങ്ങനെ വ്യത്യസ്തമായ കമന്റുകളായിരുന്നു ആളുകള്‍ രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ വെച്ച് നടന്ന കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ഡി കോക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്കായി 54 ടെസ്റ്റ് മത്സരങ്ങളില്‍ 22 അര്‍ധസെഞ്ച്വറികളും ആറ് സെഞ്ച്വറിയും ഉള്‍പ്പെടെ 3300 റണ്‍സാണ് ഡി കോക്ക് നേടിയത്.

ഏകദിനത്തില്‍ നിന്നും 155 മത്സരങ്ങള്‍ കളിച്ച ഡികോക്ക് 6770 റണ്‍സും സ്വന്തമാക്കി. 30 അര്‍ധസെഞ്ച്വറികളും 21 സെഞ്ച്വറികളുമാണ് ഏകദിനത്തില്‍ ഡി കോക്കിന്റെ അക്കൗണ്ടിലുള്ളത്.

ടി-20യില്‍ 80 മത്സരങ്ങളില്‍ നിന്നും 14 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 2277 റണ്‍സുമാണ് താരം നേടിയത്.

Content Highlight: Trolls on social media Manjummal Boys director Chidambaram looks like Quinton de Kock

We use cookies to give you the best possible experience. Learn more