| Tuesday, 8th March 2022, 5:21 pm

'ആന്റണിയെ പോലുള്ള യുവ നേതാക്കള്‍ ഇങ്ങനെ പറഞ്ഞാലോ'; രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന തീരുമാനത്തിന് പിന്നാലെ ട്രോളുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ തീരുമാനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍.

രാജ്യസഭാ എം.പിമാരുടെ കാലാവധി കഴിയുമ്പോള്‍ അദ്ദേഹം സഭയില്‍ നടത്തിയ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയും വിമര്‍ഷനമുയരുന്നുണ്ട്. രാജ്യസഭയില്‍ ഇതുവരെ ഒറ്റചോദ്യം പോലും ആന്റണി ചോദിച്ചിട്ടില്ലെന്ന കണക്കാണ് വിമര്‍ശനത്തിന് കാരണമാക്കുന്നത്.  എല്ലാത്തിനുമുള്ള ഉത്തരം തന്റെ കയ്യില്‍ ഉണ്ടായതുകൊണ്ടാണ് സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാത്തതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന കെ.വി. തോമസിന്റെ പ്രസ്താവനവെച്ചും ട്രോളുകള്‍ ഇറങ്ങുന്നുണ്ട്.

‘എ.കെ. ആന്റണി രാജ്യസഭയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യന്‍ കെ.വി. തോമസാണ്.

ആന്റണിയുടെ ത്യാഗ മനോഭാവത്തേയും പുതുതലമുറയോടുള്ള കരുതലിനെയും പുകഴ്ത്തി മനോരമ അര്‍മാദിക്കും, ആന്റണി ഒരു രാജ്യസഭാ എം.പി ആയിരുന്നെന്ന് കൊണ്‍ഗ്രസുകാര്‍ തന്നെ അറിയുന്നത് ഈ വാര്‍ത്തക്ക് ശേഷം ആയിരിക്കും,’ തുടങ്ങിയവയാണ് ട്രോള്‍ പോസ്റ്റുകള്‍.

ആന്റണിക്ക് പകരം മുതിര്‍ന്ന നേതാക്കളെ തന്നെ കോണ്‍ഗ്രസ് പരിഗണിക്കാന്‍ തയ്യാറാകുന്നു എന്ന വാര്‍ത്തയെ പരിഹസിച്ച് എഴുത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്നും രംഗത്തെത്തി.

‘ആന്റണി മത്സരിക്കുന്നില്ല എന്ന് പറഞ്ഞതോടെ എം.എം. ഹസ്സന്‍, മുല്ലപ്പള്ളി, കെ.വി. തോമസ് എന്നിവരൊക്കെ റെഡിയായി ഇരിക്കുന്നുണ്ടെന്നും ആ പേരുകള്‍ പരിഗണിക്കുന്നുണ്ടെന്നും വാര്‍ത്ത.

ഞങ്ങളുടെ നാട്ടില്‍ ഒരു അദ്രുമാന്‍ക്കയുണ്ട്. പറ്റുമെങ്കില്‍ മൂപ്പരെക്കൂടി പരിഗണിക്കണം. ദല്‍ഹി കാണാനും അവിടത്തെ തണുപ്പില്‍ പുതച്ചുറങ്ങാനും മൂപ്പര്‍ക്ക് കുറേകാലമായി ആഗ്രഹമുണ്ട്.
ഹൈക്കമാന്‍ഡ് വിചാരിച്ചാല്‍ ആ ആഗ്രഹം നടക്കും,’ ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ എഴുതി.

താന്‍ മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും.

Content Highlights: Trolls on social media following A.K.Antony’s decision he will not contest the Rajya Sabha again

We use cookies to give you the best possible experience. Learn more