| Saturday, 17th December 2022, 10:58 pm

കിട്ടിയോ, ഇല്ല ചോദിച്ചുവാങ്ങി; പത്താന്‍ വിവാദത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളോ ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ പാട്ട് ഇറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ ബോളിവുഡിനുമപ്പുറത്തേക്ക് ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ബേഷരം രംഗ് എന്ന പാട്ടിലെ നടി ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനി സംഘപരിവാര്‍ കേന്ദ്രങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു. ട്വിറ്ററിലൂടെ തുടങ്ങിയ ആക്രമണം പിന്നീട് ബി.ജെ.പിയും വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ഏറ്റെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്കെതിരായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ബിക്കിനിയുടെ നിറത്തിന്റെ പേരില്‍ സിനിമ ബഹിഷ്‌കരിക്കുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ എന്നാണ് ട്രോളന്മാര്‍ പറയുന്നത്. സ്ത്രീകളെയും കുട്ടികളേയും ഉപദ്രവിച്ചിട്ടില്ല എന്ന് സിനിമയുടെ തുടക്കത്തില്‍ എഴുതികാണിക്കുന്നത് പോലെ ഇനി ഈ സിനിമയില്‍ കാവി നിറം ഉപയോഗിച്ചിട്ടില്ല എന്നും എഴുതിക്കാണിക്കണമോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

പത്താന്‍ സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പി മന്ത്രിമാരുള്‍പ്പെടെ സിനിമക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.

ഈ വിവാദങ്ങള്‍ക്കിടയില്‍ സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഷാരൂഖ് ഖാനും പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനവേദിയില്‍ വെച്ചായിരുന്നു ഷാരൂഖ് ഇത് പറഞ്ഞത്.

‘നിഷേധാത്മകത എന്നത് സമൂഹ മാധ്യമ ഉപയോഗത്തെ കൂട്ടുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും. അത്തരം ശ്രമങ്ങള്‍ കൂട്ടായ്മ എന്നതിനെ അവസാനിപ്പിച്ച് പകരം ഭിന്നിപ്പിക്കലിന് കാരണമാകും. വരുന്ന തലമുറയ്ക്കായി സിനിമയിലൂടെ നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം. ലോകം എന്തുതന്നെ ചെയ്താലും ഞങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരും,’ എന്നായിരുന്നു ഷാരൂഖിന്റെ വാക്കുകള്‍.

Content Highlight: trolls in social media on protest against pathaan

We use cookies to give you the best possible experience. Learn more