| Wednesday, 9th February 2022, 3:20 pm

രണ്‍വീറിന്റെ അനുവാദത്തോടെയാണോ ചുംബന രംഗങ്ങളിലൊക്കെ അഭിനയിക്കുന്നത്?; ദീപികയുടെ മറുപടിയ്ക്ക് കയ്യടിച്ച് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ഗഹരായിയാമിന്റെ പ്രമോഷന്‍ തിരക്കിലാണ് നടി ദീപിക പദുക്കോണ്‍.

സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, നസുറുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. ദീപികയും സിദ്ധാന്ത് ചതുര്‍വേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളടക്കമുള്ളതായിരുന്നു ട്രെയ്‌ലര്‍.

ദീപികയുടെ ഇത്തരം രംഗങ്ങള്‍ ചിലരെ ചൊടിപ്പിക്കുകയും ചെയ്തു. ഇന്റിമേറ്റ് രംഗങ്ങളില്‍ ദീപിക അഭിനയിക്കുന്നതില്‍ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന് പ്രശ്‌നമൊന്നും ഇല്ലേ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്.

വിവാഹശേഷവും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് എന്തിനാണെന്ന രീതിയില്‍ ചിലര്‍ ദീപികയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.

എന്നാല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദീപിക.

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനോട് അനുവാദം ചോദിച്ചുവോ എന്ന ചോദ്യത്തിന് ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കുന്നത് പോലും മണ്ടത്തരമാണെന്നായിരുന്നു ദീപികയുടെ മറുപടി. ഇത്തരം കമന്റുകളൊന്നും താന്‍ വായിക്കാറില്ലെന്നും ഇത്തരം ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഗഹരായിയാം കണ്ട ശേഷം രണ്‍വീറിന്റെ പ്രതികരണം എന്തായിരുന്നെന്ന ചോദ്യത്തിന് അദ്ദേഹം അങ്ങേയറ്റം അഭിമാനിക്കുന്നുണ്ടെന്നാണ് താന്‍ കരുതുന്നത് എന്നായിരുന്നു ദീപികയുടെ മറുപടി. ഞങ്ങള്‍ നിര്‍മിച്ച ഈ സിനിമയെ കുറിച്ച് അദ്ദേഹത്തിന് അങ്ങേയറ്റം അഭിമാനമുണ്ടെന്നും തന്റെ പ്രകടനത്തില്‍ അദ്ദേഹത്തിന് അഭിമാനവും സന്തോഷവുമുണ്ടെന്നും ദീപിക പറഞ്ഞു.

ഫെബ്രുവരി 11 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭര്‍ത്താവിന്റെ ജോലിത്തിരക്കുകള്‍ കാരണം ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്ന അലീഷ ഖന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്നത്.
ശകുന്‍ ബത്ര, സുമിത് റോയ്, അയേഷ ഡെവിത്രേ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ധര്‍മ പ്രൊഡക്ഷന്‍, വയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനകം ഹിറ്റാണ്.

We use cookies to give you the best possible experience. Learn more