ഒരു രാജ്യത്തിനെതിരെ മറ്റൊരു രാജ്യം ആക്രമണം നടത്തുക അവിടുത്തെ സൈനികരെയും സിവിലിയന്‍സിനെയും കൊന്ന് തള്ളുക എന്നൊക്കെ പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. നിരപരാധികളായ ഒട്ടനേകം പേരുടെ ജീവന്‍ നഷ്ടമാകും, നഗരങ്ങള്‍ താഴെ വീഴും, സ്വത്തുക്കള്‍ നശിച്ച് ഇല്ലാതാകും. കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാകും. മറ്റു രാജ്യത്തുനിന്നും വന്ന് താമസിക്കുന്നവര്‍ക്ക് നിലനില്‍പ്പ് ഇല്ലാതാകും.
അതുകൊണ്ട് തന്നെ ഒരു യുദ്ധഭൂമിയില്‍ നിന്നും പൗരന്‍മാരെ ഇവാക്കുവേറ്റ് ചെയ്യുക, അവര്‍ക്ക് ഭക്ഷണമെത്തിക്കുക, അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നൊക്കെയുള്ളത് അതത് രാജ്യങ്ങളുടെയും എംബസികളുടെയും ഉത്തരവാദിത്വം ആണ്. അതുകൊണ്ട് തന്നെ ആളുകളെ ഇവാക്കുവേറ്റ് ചെയ്യാന്‍ എത്തുന്ന ഓരോ രാജ്യങ്ങളുടെയും വണ്ടികളില്‍ അതത് രാജ്യത്തിന്റെ പതാക കെട്ടും. അത് പട്ടാളക്കാരുടെ ആക്രമണം ഉണ്ടാകാതിരിക്കാനും, യുദ്ധത്തില്‍ പങ്കാളികളല്ലാത്ത പൗരന്‍മാരുടെ വാഹനമാണ് എന്ന് തിരിച്ചറിയാനുമാണ്.
എങ്കിലും ‘ഇന്ത്യന്‍ പതാക വാഹനത്തില്‍ കെട്ടി യുദ്ധഭൂമിയിലൂടെ ധൈര്യമായി പോരാന്‍ എംബസി പറയണമെങ്കില്‍ ആ പതാകയുടെയും ആ രാജ്യത്തെ പ്രധാനമന്ത്രിയുടെയും റേഞ്ച് എന്താണെന്ന് ഊഹിക്കാമല്ലോ’ എന്ന തരത്തിലുള്ള ബില്‍ഡപ്പാണ് എംബസി അവരുടെ ജോലി ചെയ്യുന്നതിനെ കുറിച്ച് ദേശപുത്രന്‍മാര്‍ എഴുതിവിടുന്നത്.
യുദ്ധം ആരംഭിച്ചത് മുതല്‍ ഇന്ത്യക്കാരും ഉക്രൈന്‍ ജനതയ്‌ക്കൊപ്പം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ, എംബസിയില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ ലഭിക്കാതെ, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കാതെ, അങ്ങനെ ദുരിതത്തിലാണ് എല്ലാവരും. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം പോലും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല, രണ്ട് ബിസ്‌ക്കറ്റ് കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്, എങ്ങും സൈറനുകളാണ്, ബാത്ത്‌റൂമില്‍ പോകാന്‍ വരെ പേടിയാണ്. എന്ന തരത്തില്‍ ഏവരും ആശങ്കയിലാണ്.
അതിനിടയില്‍ ചുളുവില്‍ ലേശം ദേശീയതയും മോദി സ്‌നേഹവും ഉണ്ടാക്കാന്‍ വേണ്ടി നേരത്തേ പറഞ്ഞതുപോലുള്ള മാസ് ബി.ജി.എമ്മും ക്യാപ്ഷനുകളും എന്ത് പ്രഹസനമാണ്. ഇതെന്താ ആദ്യമായാണോ ഇന്ത്യ ഇതുപോലെ ഇവാക്കുവേഷന്‍ നടത്തുന്നത്.
അതുപോലെ തന്നെ അവിടെ കുടുങ്ങികിടക്കുന്ന സ്റ്റുഡന്റ്‌സിനെ, അവരുടെ യുദ്ധമുഖത്തെ റിയാക്ഷനുകളെയൊക്കെ ട്രോളാന്‍ എന്തൊരു മിടുക്കാണ് നമ്മുടെ നാട്ടിലെ കലാകാരന്‍മാര്‍ക്ക്. എന്ത് അവസ്ഥയിലും, ആരെ മുതലെടുത്തും ആളുകളെ ചിരിപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന നമ്മുടെ ഹാസ്യ കില്ലാടികള്‍ക്ക് ആരെങ്കിലും ഒരു കുതിരപവന്‍ കൊടുക്കണേ.
ഉക്രൈനില്‍ ഷവര്‍മ്മ വാങ്ങി കഴിക്കാന്‍ പോയ ഒരു മലയാളി യുവാവ് പട്ടാളക്കാരുടെ അടുത്ത് നിന്നും ചീത്ത കേള്‍ക്കേണ്ടി വന്ന സംഭവം വിശദീകരിച്ച ഒരു വീഡിയോ എടുത്താണ് കഴിഞ്ഞ രണ്ട് ദിവസമായി ട്രോളന്‍മാര്‍ കഞ്ഞികുടിക്കുന്നത്.
ഉക്രൈനിലെ ബങ്കറുകളില്‍ അഭയം തേടിയിരിക്കുന്ന ആളുകള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ആദ്യത്തെ വീഡിയോ.
സ്വന്തം രാജ്യവും രാജ്യത്തെ പൗരന്‍മാരും അക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് സംരക്ഷണം കൊടുത്തുകൊണ്ടിരിക്കുന്ന പൊലീസ് ഗാര്‍ഡ്, ‘ശബ്ദം കുറച്ച് സംസാരിക്കു, മറ്റുള്ളവര്‍ക്ക് ശല്യമാണ്’ എന്ന് വളരെ സമാധാനത്തില്‍ റിക്വസ്റ്റ് ചെയ്യുമ്പോള്‍, ‘എന്നോട് ശബ്ദം കുറക്കാന്‍ പറയാന്‍ നീയാരാ? നിന്റെ തന്തേടെ വകയുള്ള സ്ഥലമല്ലല്ലോ ഇത്.. എന്ന് ചോദിക്കുന്നത് ഒട്ടും ശരിയല്ലാത്ത കാര്യമാണ്.
പിന്നെ വാര്‍ ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ വീഡിയോ എടുക്കുക, അവര്‍ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചതിനെ വലിയ അവകാശലംഘനമെന്ന പോലെ പറയുക എന്നൊക്കെയുള്ളത് വളരെ അപക്വമായ രീതി എന്ന് പറഞ്ഞ് തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ്.
ജീവന്‍ പോകുമോ എന്ന് പേടിച്ച് നില്‍ക്കുന്ന ആ മനുഷ്യന്റെ സംസാരത്തിലെ പൊളിട്ടിക്കല്‍ കറക്ട്‌നസ്സിനെ കീറി മുറിക്കാന്‍ എനിക്കെന്നല്ല യുദ്ധവും പൊട്ടിത്തെറികളും ഒന്നും ഇല്ലാതെ, ഉച്ചക്ക് ടി.വിയില്‍ കിലുക്കം സിനിമയും കണ്ട് ഫിഷ് ഫ്രെയും കൂട്ടി ചോറുണ്ട് കിടക്കുന്ന കേരളത്തിലെ ഒരാള്‍ക്കും അവകാശമില്ല.
അതായത് യുദ്ധം നടക്കുന്ന സമയത്ത് ഒരാള്‍ ഷവര്‍മ്മ കഴിക്കാന്‍ പോയതിന് അയാളെ അങ്ങേയറ്റം ആക്ഷേപിക്കുക. പട്ടാളക്കാര്‍ വീഡിയോ എടുത്തതിന് വഴക്കു പറഞ്ഞപ്പോല്‍, ഞാന്‍ മരിച്ചു എന്നാണ് കരുതിയത് ഷഹീദായി എന്നാണ് കരുതിയത് എന്ന് പറഞ്ഞതിനെ കീറി മുറിച്ച്, യുദ്ധമുഖത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് തന്റെ ജീവനെ കുറിച്ചുണ്ടാകുന്ന ഭയത്തെ കളിയാക്കുക. ഷഹീദ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ മാത്രം അയാളുടെ ജാതിയും മതവും നാടും തപ്പി പോകുക. എന്നിട്ട് അതിന്റെ പേരില്‍ അയാളെ ട്രോളി എയറില്‍ നിര്‍ത്തുക.
‘ഞാന്‍ ഷവര്‍മ്മ കഴിക്കാന്‍ പോയതാ’എന്ന് പറഞ്ഞതിന് പകരം, ‘ഞാന്‍ അല്‍പ്പം കഞ്ഞിയും പയറും കിട്ടുമോ എന്ന് നോക്കി ഇറങ്ങിയതാ’ എന്ന് പറഞ്ഞിരുന്നെങ്കില്‍ മലയാളികളുടെ ചങ്ക് പൊട്ടി പോയേനെ. പിന്നെ സിവിലിയന്‍സ് അടക്കം നൂറ് കണക്കിന് ആളുകള്‍ മരിച്ച് വീഴുന്ന ഒരു രാജ്യത്ത് നില്‍ക്കുന്ന ഒരാളോട് പൊലീസ് ചൂടായാല്‍ തീര്‍ച്ചയായും അയാള്‍ക്ക് പ്രാണവേദനയുണ്ടാകും.
ഒരുപാട് ഇന്ത്യക്കാര്‍ ഇതുപോലെ ഭക്ഷണവും വെള്ളവും കിട്ടാതെ യുദ്ധഭൂമിയില്‍ കഷ്ടപ്പെടുന്നുണ്ട്. അവരെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും. ഉക്രൈനില്‍ ഏതു നിമിഷവും അപകടം ഉണ്ടായേക്കാം എന്ന് പേടിച്ച് ഭക്ഷണമോ പണമോ ഒന്നുമില്ലാതെ വലയുന്ന ആളുകളുടെ മാനസികാവസ്ഥയെ ട്രോളാനും, യുദ്ധത്തെ ഒരു തമാശയാക്കാനും, രക്ഷപ്പെട്ട് വരുന്നവരില്‍ നിന്നും ജിഹാദികളുടെ കണക്കെടുക്കാനും, ഇവാക്കുവേഷന് പോകുന്ന വണ്ടികളെ വെച്ച് അതില്‍ നിന്നും ചീപ്പ് ഷോ ഇറക്കാനും നമുക്കേ കഴിയൂ. നമുക്ക് മാത്രം.
Content Highlight: Trolls and sangaparivar trying to turn the lives of Indians struggling to survive the Ukraine-Russia war into a platform for jokes and heroism.