| Thursday, 23rd May 2024, 11:51 am

'ഈ വർഷത്തെ കാണിപ്പയ്യൂർ പുരസ്‌കാരം സുനിൽ ഗവാസ്കറിന്' ട്രോളുകൾ ശ്രദ്ധ നേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തിന് മുന്നോടിയായി സുനില്‍ ഗവാസ്‌കര്‍ ആര്‍.സി.ബി രാജസ്ഥാനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മത്സരത്തില്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞതിന്റെ നേരെ വിപരീതമായി രാജസ്ഥാന്‍ വിജയിക്കുകയായിരുന്നു.

ഇപ്പോള്‍ ഗവാസ്‌കറിന്റെ ഈ അഭിപ്രായത്തിനെതിരെയുള്ള ആരാധകരുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നിലനില്‍ക്കുന്നത്. രാജസ്ഥാന്‍ പരാജയപ്പെടും എന്ന് പറഞ്ഞ സുനില്‍ ഗവാസ്‌കറിന്റെ അഭിപ്രായത്തിനെതിരെ ധാരാളം രസകരമായ ട്രോളുകളും കമന്റുകളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ‘ഈ വര്‍ഷത്തെ കാണിപ്പയ്യൂര്‍ പുരസ്‌കാരം ഗവാസ്‌കറിന് തന്നെ’ എന്നുള്ള രസകരമായ കമന്റുകള്‍ ആണ് ആരാധകര്‍ രേഖപ്പെടുത്തിയത്.

‘എന്റെ അഭിപ്രായത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരങ്ങളില്‍ തിരിച്ചു വരാന്‍ സാധിക്കുമെന്ന് അവര്‍ക്ക് ആത്മവിശ്വാസമുണ്ട്. ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരം ഒരു വണ്‍ സൈഡ് മത്സരം ആവാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നു. ബെംഗളൂരു മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ രാജസ്ഥാനെ പരാജയപ്പെടുത്തും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എനിക്ക് ഞെട്ടലുണ്ടാകും,’ മത്സരത്തിനു മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞിരുന്നു.

അതേസമയം നാളെയാണ് ക്വാളിഫയര്‍ മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.

Content Highlight: Trolls and Fans Reaction against Sunil Gavasker in Social Media

We use cookies to give you the best possible experience. Learn more