| Saturday, 13th May 2023, 4:07 pm

ത്രിശൂലം, പുലി, റോബോ ബച്ചന്‍; കുറച്ച് ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ; എയറിലായി ഭോല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമയിലെ വലിയ ഹിറ്റുകളിലൊന്നാണ് കൈതി. വിജയ്ക്കും വിക്രത്തിനുമൊപ്പം ലോകേഷ് കനകരാജ് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മാസ്റ്റര്‍ ക്രാഫ്റ്റ് കൈതി തന്നെയാണെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്.

ചിത്രം ഈ വര്‍ഷം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഭോല എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തില്‍ അജയ് ദേവ്ഗണാണ് നായകനായി എത്തിയത്. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും.

തബു, അമലാ പോള്‍, സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ദീപക് ദോബ്രിയാല്‍, വിനീത് കുമാര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. അഭിഷേക് ബച്ചന്‍ അഥിതി വേഷത്തിലെത്തിയിരുന്നു. നരേയ്ന്‍ അവതരിപ്പിച്ച പോലീസ് ഓഫീസറുടെ കഥാപാത്രത്തിലാണ് തബു അഭിനയിച്ചത്. തമിഴില്‍ നിന്നും ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ ചിത്രത്തില്‍ നായകന്റെ ഫ്‌ളാഷ്ബാക്ക്, പ്രണയം, പാട്ടുകള്‍ എന്നിവയുമുണ്ട്.

ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടി റിലീസ് ചെയ്തിരുന്നു. ഒ.ടി.ടിയിലെത്തിയതോടെ ചിത്രം ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ബൈക്ക് ഫൈറ്റ്, ട്രാക്ടര്‍ ഫൈറ്റ്, ഫയര്‍ ഫൈറ്റ്, ത്രിശൂലം ഫൈറ്റ് എന്നിങ്ങനെ പലവക ഐറ്റങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രോളന്മാര്‍ പറയുന്നത്. നായകനെ കണ്ട് പേടിച്ചോടാന്‍ ഒരു പുള്ളിപ്പുലിയും വരുന്നുണ്ട്.

കൈതിയില്‍ ഏറ്റവുമധികം ഇംപാക്ട് ഉണ്ടാക്കിയ രംഗമായിരുന്നു കൈതി ബിരിയാണി കഴിക്കുന്ന രംഗം. വായില്‍ വെള്ളമൂറിയല്ലാതെ ഈ രംഗം ഒരു പ്രേക്ഷകനും കാണാനാകില്ല. ജയിലില്‍ കിടന്ന് ഒരുപാട് നാളുകള്‍ക്ക് ശേഷം നല്ല ഭക്ഷണം കഴിക്കുന്നതിന്റെ ആത്മസംതൃപ്തി കാര്‍ത്തിയുടെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. എന്നാല്‍ ഹിന്ദിയിലേക്ക് വന്നപ്പോള്‍ ബിരിയാണി മാറി അല്‍ഫാമായി. ഈ രംഗം കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

നായകനും വില്ലന്മാരും തമ്മില്‍ ലോറിയും ബൈക്കും ഒടിച്ചുള്ള ഫൈറ്റും കുറച്ച് ഓവറായില്ലേ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇവിടുത്തെ വി.എഫ്.എക്‌സും കാര്‍ട്ടൂണ്‍ ലെവലായി എന്ന് വിമര്‍ശനമുണ്ട്. ക്ലൈമാക്‌സിലെ കാര്‍ത്തിയുടെ മെഷ്യന്‍ ഗണ്ണും ഭോലയിലെ മെഷ്യന്‍ ഗണ്‍ സീനും തമ്മില്‍ കംപെയര്‍ ചെയതും ട്രോളുകളുയരുന്നുണ്ട്.

കൈതി കണ്ട പ്രേക്ഷകര്‍ക്ക് ഭോല ദഹനക്കേടായിരിക്കും സമ്മാനിക്കുക എന്നാണ് ചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

Content Highlight: trolls and criticism against bhola

We use cookies to give you the best possible experience. Learn more