Film News
ഇതൊക്കെ കുറച്ച് കൂടുതലല്ലേ; ഒ.ടി.ടിക്ക് പിന്നാലെ എയറിലായി വീരയ്യയും ബാലയ്യയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 28, 02:01 pm
Tuesday, 28th February 2023, 7:31 pm

കഴിഞ്ഞ ജനുവരിയില്‍ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രി തിയേറ്ററില്‍ ഒരു താരപോര് തന്നെയാണ് കണ്ടത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ രണ്ട് താരങ്ങളുടെ ക്ലാഷ് റിലീസാണ് ജനുവരി 12നും 13നും നടന്നത്. ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി ജനുവരി 12ന് റിലീസ് ചെയ്തപ്പോള്‍ ജനുവരി 13നാണ് ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ റിലീസ് ചെയ്തത്.

ഇരു ചിത്രങ്ങളും ഇപ്പോള്‍ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ഇതോടെ നിരവധി ട്രോളുകളാണ് രണ്ട് ചിത്രങ്ങള്‍ക്കുമെതിരെ വരുന്നത്. വാള്‍ട്ടര്‍ വീരയ്യയിലെ കടലിലെ രംഗങ്ങളാണ് ട്രോളന്മാര്‍ പ്രധാനമായും ആയുധമാക്കുന്നത്. മഴയത്ത് ബീഡി കത്തിക്കുന്നതും തിരക്കൊപ്പം ഉയരുന്ന വള്ളത്തില്‍ നിന്നും ബോട്ടിലേക്ക് എടുത്ത് ചാടുന്നതും കുറച്ച് കൂടി പോയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഫൈറ്റിനിടക്കുള്ള പോസില്‍ നിന്നുകൊണ്ട് തന്നെ മുമ്പോട്ട് നീങ്ങുന്ന തെലുങ്ക് സ്‌പെഷ്യല്‍ ഫൈറ്റും ചിത്രത്തിലുണ്ട്. സമാനമായ അവസ്ഥയിലാണ് നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡിയും. ഈ ചിത്രത്തിലേയും ഫൈറ്റ് സീക്വന്‍സുകളാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലയാളികള്‍ ട്രോളുന്നുണ്ടെങ്കിലും തെലുങ്കില്‍ ഇരുചിത്രങ്ങളും വമ്പന്‍ ഹിറ്റുകളാണ്. ബാലയ്യയുടെ വീര സിംഹ റെഡ്ഡി റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ 100 കോടി കടന്നിരുന്നു. ഇമോഷണല്‍ രംഗങ്ങളിലുള്ള ബാലയ്യയുടെ പ്രകടനവും പ്രശംസ നേടിയിരുന്നു. ഹണി റോസും ശ്രുതി ഹാസനുമാണ് ചിത്രത്തില്‍ നായികമാരായത്.

വാള്‍ട്ടര്‍ വീരയ്യയും തെലുങ്കില്‍ മെഗാ ഹിറ്റായി മാറിയിരുന്നു. ആദ്യ ആഴ്ചയില്‍ തന്നെ 150 കോടിയാണ് ചിത്രം നേടിയത്. ശ്രുതി ഹാസന്‍ തന്നെ നായികയായ ചിത്രത്തെ പറ്റി ചില മലയാളി പ്രേക്ഷകരും മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.

Content Highlight: trolls against walater veerayya and veera simha reddy