ഐ.പി.എല്‍ 2023ലെ മറ്റൊരു മത്സരം കൂടി പരാജയപ്പെട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിയാണ് കൊല്‍ക്കത്ത പരാജയമേറ്റുവാങ്ങിയത്.
കൊല്‍ക്കത്തയുടെ വിജയ പ്രതീക്ഷയായ പല താരങ്ങളും മങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. അതില്‍ പ്രധാനിയായിരുന്നു വെങ്കിടേഷ് അയ്യര്‍. കഴിഞ്ഞ മത്സരത്തില്‍ രണ്ട് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെ സില്‍വര്‍ ഡക്കായിട്ടായിരുന്നു താരത്തിന്റെ മടക്കം.
വെങ്കിടേഷ് കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതോടെ താരത്തിനെതിരെ ട്രോളുകള്‍ ഉയരുകയാണ്. രാത്രികളില്‍ നടക്കുന്ന മത്സരത്തില്‍ സ്ഥിരമായി പരാജയപ്പെടുകയാണെന്നും എന്നാല്‍ 3.30ന് നടക്കുന്ന മത്സരത്തില്‍ താരം വെടിക്കെട്ട് നടത്തുകയാണെന്നുമാണ് ട്രോളുകള്‍ പറയുന്നത്.
ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിമയപ്രകാരം കൊല്‍ക്കത്ത പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായിട്ടായിരുന്നു അയ്യര്‍ കളത്തിലിറങ്ങിയത്. 28 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി 34 റണ്‍സാണ് താരം നേടിയത്. ഈ മത്സരം നടന്നത് വൈകീട്ട് 3.30നായിരുന്നു.
എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ താരം പരാജയമായി. ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടന്ന മത്സരത്തില്‍ ഏഴ് പന്തില്‍ നിന്നും മൂന്ന് റണ്‍സാണ് താരം നേടിയത്. ഈ മത്സരം നടന്നതാകട്ടെ വൈകീട്ട് 7.30നും.
സമാനമായി ഗുജറാത്തിനെതിരെയും മുംബൈ ഇന്ത്യന്‍സിനെതിരെയും 3.30ന് നടന്ന മത്സരത്തില്‍ താരം തകര്‍ത്തടിച്ചപ്പോള്‍ 7.30ന് സണ്‍റൈസേഴ്‌സിനെതിരെയും ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയും പരാജയമായി.
ടൈറ്റന്‍സിനെതിരെ 40 പന്തില്‍ നിന്നും 83 റണ്‍സ് നേടി പുറത്തായപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അയ്യര്‍ സെഞ്ച്വറിയടിച്ചിരുന്നു.
സണ്‍റൈസേഴ്‌സിനെതിരെ 11 പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയ താരം കഴിഞ്ഞ ദിവസം ദല്‍ഹിക്കെതിരെ പൂജ്യത്തിനും പുറത്തായി.
34, 3, 83, 10, 104, 0 എന്നിങ്ങനെയാണ് ആറ് മത്സരത്തില്‍ നിന്നുള്ള അയ്യരുടെ സമ്പാദ്യം. ഒരു മത്സരത്തില്‍ തകര്‍ത്തടിച്ചാല്‍ അയ്യര്‍ തൊട്ടടുത്ത മത്സരത്തില്‍ പരാജയമാകുമെന്നും എന്നാല്‍ അടുത്ത കളിയില്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും ട്രോളുകളുണ്ട്.
ഇതുവരെ കളിച്ച ആറ് മത്സരത്തില്‍ നിന്നുമായി 234 റണ്‍സാണ് അയ്യര്‍ നേടിയത്. 39.00 എന്ന ശരാശരിയിലും 168.34 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്‍സ് നേടുന്നത്. നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരനാണ് അയ്യര്‍.
ഏപ്രില്‍ 23നാണ് നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. രാത്രി 7.30ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.
Content highlight: Trolls against Venkatesh Iyer