കഴിഞ്ഞ മാര്‍ച്ച് 24നാണ് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത വെള്ളരി പട്ടണം റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം പൊളിറ്റിക്കല്‍ സറ്റയര്‍ ഴോണറിലാണ് എത്തിയത്.
ചിത്രത്തിന് തിയേറ്ററില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായിരുന്നില്ല. മാത്രമല്ല അഭിനേതാക്കളുടെ പ്രകടനത്തിലും മേക്കിങ്ങിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി റിലീസായെത്തിയതോടെ ചിത്രത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയാണ്.
സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിനോടാണ് ചിത്രത്തെ കൂടുതലായും ട്രോളന്മാര്‍ ഉപമിക്കുന്നത്. നേരത്തെ ജാക്ക് ആന്‍ഡ് ജില്ലിലെ പ്രകടനത്തിന്റെ പേരില്‍ മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനുമെതിരെ വലിയ രീതിയില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ഈ കോമ്പോ വീണ്ടും ഒന്നിച്ചപ്പോള്‍ നിരാശയല്ലാതെ മറ്റൊന്നും കിട്ടുന്നില്ല എന്നാണ് ഒ.ടി.ടിയില്‍ കണ്ട പ്രേക്ഷകര്‍ പറയുന്നത്.
മഞ്ജു വാര്യരുടേത് ഓവര്‍ ആക്ടിങ്ങാണെന്നും സൗബിന്റെ ഡയലോഗ് ഡെലിവറിയും മോഡുലേഷനും നന്നായി പാളിയിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തെ എന്‍ഗേജിങ്ങാക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശനങ്ങളുണ്ട്.
ജാക്ക് ആന്‍ഡ് ജില്ലിലേത് പോലെ പ്രേക്ഷകരെ മടുപ്പിക്കാന്‍ വെള്ളരി പട്ടണത്തിലെ മഞ്ജു വാര്യരും സൗബിനും മത്സരിക്കുകയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.
മഞ്ജുവും സൗബിനും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടാകുന്ന രംഗത്തിനെതിരെയാണ് ഏറ്റവുമധികം ട്രോളുകളുയരുന്നത്. ഈ സമയത്ത് ഇവരുടെ അടി കണ്ടിരിക്കുന്ന കോട്ടയം രമേശിന്റെ മുഖത്തെ അതേ എക്‌സ്‌പ്രെഷനാണ് പ്രേക്ഷകര്‍ക്കുമുള്ളതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഇങ്ങനെയൊരു സിനിമ വന്നതുകൊണ്ട് ജാക്ക് ആന്‍ഡ് ജില്‍ സന്തോഷ് ശിവന്‍ ഒറ്റപ്പെട്ടു പോവില്ലെന്നും ട്രോളുകളുണ്ട്. തിയേറ്ററില്‍ സിനിമ കണ്ട പ്രേക്ഷകരെ അഭിനന്ദിക്കാനും ട്രോളന്മാര്‍ മറന്നില്ല.
Content Highlight: trolls against vellari pattanam after ott release