ഐ.പി.എല്‍ 2023ന് മുന്നോടിയായുള്ള മിനി ലേലത്തിന് കൊച്ചിയില്‍ സമാപനമായിരിക്കുകയാണ്. ഇതിനോടകം തന്നെ സ്‌റ്റേബിളായ തങ്ങളുടെ ടീമിനെ വീണ്ടും ശക്തിപ്പെടുത്താന്‍ എല്ലാ ഫ്രാഞ്ചൈസികളും ഇറങ്ങിത്തിരിച്ചപ്പോള്‍ ലേലം കൊഴുത്തു.
ലേലത്തിന് മുമ്പ് തന്നെ ഏറ്റവും ശക്തമായ സ്‌ക്വാഡും ഇലവനുമുണ്ടായിരുന്ന ടീമുകളിലൊന്ന് സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സായിരുന്നു. ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റില്‍ ബട്‌ലറും സഞ്ജും ജെയ്‌സ്വാളും ഉള്‍പ്പെടുമ്പോള്‍ ബൗളിങ് നിരക്ക് ബോള്‍ട്ടും ചഹലും മക്കോയ്‌യുമായിരുന്നു കരുത്ത്.
മിഡില്‍ ഓര്‍ഡറില്‍ വമ്പനടികള്‍ക്കായി ഹെറ്റ്‌മെയറും ആവശ്യം വന്നാല്‍ വെടിക്കെട്ട് നടത്തുന്ന പരാഗുമായി മികച്ച ടീം തന്നെയായിരുന്നു രാജസ്ഥാനുണ്ടായിരുന്നത്. എന്നാല്‍ അവര്‍ക്ക് ഏറെ ആവശ്യമായിരുന്ന ഒരു താരത്തെ തന്നെയാണ് രാജസ്ഥാന്‍ ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയത്.
പേസ് ബൗളിങ് ഓള്‍ റൗണ്ടറുടെ അഭാവം നിലനിന്നിടത്തേക്കാണ് സൂപ്പര്‍ താരം ജേസണ്‍ ഹോള്‍ഡറെ രാജസ്ഥാന്‍ കൊണ്ടുവരുന്നത്. ഇതോടെ ശക്തമായ പിങ്ക് സ്‌ക്വാഡ് ഒന്നുകൂടി ശക്തമായി.
എന്നാല്‍ ഹോള്‍ഡറിനെ ടീമിലെത്തിച്ചതിന് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെതിരെ ചെറിയ തരത്തിലുള്ള ട്രോളുകളും ഉയരുന്നുണ്ട്. സഞ്ജുവിനെ പലകുറി പുറത്താക്കിയ ഹോള്‍ഡറെ തന്നെ ടീമിലെത്തിച്ചതിന് പിന്നില്‍ സഞ്ജുവിന്റെ ബുദ്ധിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുയരുന്നത്.
ജോഫ്രാ ആര്‍ച്ചറെ രോഹിത് ശര്‍മ ടീമിലെത്തിച്ച അതേ ടാക്ടിക്‌സ് സഞ്ജുവും പയറ്റി എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ഹസരങ്ക ബാക്കിയില്ലേ എന്നാണ് ചിലരുടെ ആശങ്ക.
ഐ.പി.എല്ലില്‍ സഞ്ജുവിന്റെ ഏറ്റവും വലിയ ദുസ്വപ്‌നമാണ് ബെംഗളൂരു സ്റ്റാര്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക. ഹസരങ്കയുടെ ബണ്ണിയായ സഞ്ജു താരത്തെ ലേലത്തില്‍ വെച്ചാല്‍ എന്തുചെയ്തും അടുത്ത തവണ താരത്തെ ടീമിലെത്തിക്കുമെന്നാണ് ചിലര്‍ പറയുന്നത്.
ഇതാദ്യമായല്ല രാജസ്ഥാന്‍ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കുമ്പോള്‍ സഞ്ജുവിനെതിരെ ട്രോള്‍ ഉയരുന്നത്. നേരത്തെ യൂസ്വേന്ദ്ര ചഹലിനെ ടീമിലെത്തിച്ചപ്പോഴും ഇതേ തരത്തിലുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്.
അതേസമയം, മിനി ലേലം കഴിഞ്ഞതോടെ രാജസ്ഥാന്റെ സ്‌ക്വാഡ് ഡെപ്ത് ഉയര്‍ന്നിരിക്കുകയാണ്. ജോ റൂട്ടിനെയും ആദം സാംപയെയും ചുളുവിലക്ക് ടീമിലെത്തിച്ച രാജസ്ഥാന്‍ മലയാളി താരങ്ങളെയും സ്വന്തമാക്കിയിരുന്നു.
മിനി ലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി. എ, ജോ റൂട്ട്.
Content Highlight: Trolls against Sanju Samson after Rajastan Royals picks Jason Holder in mini auction