| Wednesday, 12th April 2023, 9:31 pm

'രാജസ്ഥാനിലെ രോഹിത് ശര്‍മ', '*ലെ മൂത്ത ഹല്ലാബോല്‍: ഞങ്ങള്‍ക്കിതൊക്കെ ശീലമാണ്'; സഞ്ജുവിനെതിരെ ട്രോള്‍ പൂരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ 2023ലെ 17ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

രാജസ്ഥാന്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ജോസ്-സ്വാള്‍ കോംബോ വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാതെ വേര്‍പിരിഞ്ഞു. ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ യശസ്വി ജെയ്‌സ്വാളിനെ രാജസ്ഥാന് നഷ്ടമായത്. എട്ട് പന്തില്‍ നിന്നും പത്ത് റണ്‍സുമായി തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ ശിവം ദുബേക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കില്‍ മോശമല്ലാത്ത ഇന്നിങ്‌സ് പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി സമീപകാലങ്ങളില്‍ താരം പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനമാണിത്. രവീന്ദ്ര ജഡേജയെറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ഡെവോണ്‍ കോണ്‍വേക്ക് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.

അതേ ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും പുറത്തായിരുന്നു. ജഡേജയെറിഞ്ഞ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു സഞ്ജു മടങ്ങിയത്. രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതെയായിരുന്നു രാജസ്ഥാന്‍ ക്യാപ്റ്റന്റെ മടക്കം.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലും സഞ്ജു പൂജ്യത്തിനായിരുന്നു പുറത്തായത്. നാല് പന്ത് നേരിട്ടായിരുന്നു താരം ഡക്കായി മടങ്ങിയത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയാണ്.

ആദ്യ രണ്ട് മൂന്ന് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തുടര്‍ന്നങ്ങോട്ട് മങ്ങുന്നത് സഞ്ജുവിന്റെ സ്ഥിരം പരിപാടിയാണെന്നും പൂജ്യത്തിന് പുറത്താകുന്ന കാര്യത്തില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലെ രോഹിത് ശര്‍മയാണെന്നും ട്രോളുകള്‍ പറയുന്നു.

അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 175 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ബട്‌ലറിന്റെയും ദേവ്ദത്ത് പടിക്കല്‍, ആര്‍.അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന് മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ആകാശ് സിങ്, തുഷാര്‍ ദേശ്പാണ്ഡേ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മോയിന്‍ അലി ഒരു വിക്കറ്റും സ്വന്തമാക്കി.

Content highlight: Trolls against Sanju Samson

We use cookies to give you the best possible experience. Learn more