| Thursday, 4th February 2021, 9:12 am

പിന്നെ എന്തിനാണ് അമേരിക്കയിലെ വര്‍ഗീയതക്കെതിരെ നിങ്ങള്‍ ശബ്ദിച്ചത്; സച്ചിനെതിരെ ട്രോളുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് ട്രോളുകള്‍. രാജ്യത്തിന് പുറമെ നിന്നുള്ളവരുടെ അഭിപ്രായം നിയന്ത്രിക്കാന്‍ പറഞ്ഞ സച്ചിന്‍ എന്തിനാണ് അമേരിക്കയിലെ വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്തിയതെന്നാണ് ട്രോളുകള്‍ ചോദിക്കുന്നത്.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു റിഹാന്ന കര്‍ഷകരെ പിന്തുണച്ചതിനെതിരെ സച്ചിന്റെ ട്വീറ്റ്.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ അമേരിക്കന്‍ പൊലീസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വര്‍ഗീയതക്കെതിരെ അമേരിക്കയില്‍ വലിയ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പങ്കുവെച്ച വീഡിയോയാണ് സച്ചിന്‍ ഷെയര്‍ ചെയ്തിരുന്നത്. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ആശയത്തില്‍ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തെ പിന്തുണച്ച സച്ചിന്‍ എന്തിനാണ് ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്‌നത്തില്‍ വിദേശി ഇടപെട്ടതിനെ എതിര്‍ക്കുന്നതെന്നാണ് മിക്ക ട്രോളുകളും ചോദിക്കുന്നത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്‌ക്കെതിരെയാണ് ട്വിറ്ററില്‍ അധിക്ഷേപം നടന്നത് അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്‌ക്കെതിരെ ആക്രമണം നടന്നിരുന്നു. ഇവയില്‍ പലതും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.

റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണ്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. 2009ലാണ് ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായത്. ഈ ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിച്ചും ട്വിറ്ററില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

‘എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,’ എന്നായിരുന്നു farmersprotest എന്ന ഹാഷ്ടാഗോട് കൂടി റിഹാന ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Trolls against Sachin Tendulker

We use cookies to give you the best possible experience. Learn more