| Monday, 2nd October 2023, 11:50 am

'അങ്ങനെയെങ്കില്‍ 150km വേഗതയിലെറിയുന്ന പന്ത് രണ്ടെണ്ണമായും, വിക്കറ്റ് എറിഞ്ഞൊടിച്ചാല്‍ ഓള്‍ ഔട്ടും തരണം'; രോഹിത് എയറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിക്‌സറിന്റെ ദൂരത്തെ കുറിച്ചുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രസ്താവനകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാറ്റര്‍ അടിക്കുന്ന സിക്‌സര്‍ 90 മീറ്റര്‍ ദൂരം പോവുകയാണെങ്കില്‍ എട്ട് റണ്‍സ് നല്‍കണമെന്നും നൂറ് മീറ്ററിലധികം പോവുകയാണെങ്കില്‍ പത്ത് റണ്‍സും നല്‍കണമെന്നായിരുന്നു രോഹിത് ശര്‍മ ആവശ്യപ്പെട്ടത്.

ക്രിക്കറ്റില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയമത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു രോഹിത് ശര്‍മ.

‘ഒരു ബാറ്റര്‍ അടിച്ച സിക്‌സര്‍ 90 മീറ്ററിലധികമാണ് ചെന്നുവീഴുന്നതെങ്കില്‍ അതിന് എട്ട് റണ്‍സ് നല്‍കണം. ഇനിയിപ്പോള്‍ നൂറ് മീറ്ററുള്ള സിക്‌സറാണെങ്കില്‍ അതിന് പത്ത് റണ്‍സും നല്‍കണം. ഇപ്പോള്‍ പന്ത് ബൗണ്ടറി ലൈനിന് തൊട്ടപ്പുറത്തു വീണാലും ഒരുപാട് ദൂരെ ചെന്നുവീണാലും ആറ് റണ്‍സ് മാത്രമാണ് കിട്ടുന്നത്,’ രോഹിത് ശര്‍മ പറഞ്ഞു.

‘ക്രിസ് ഗെയ്‌ലും കെയ്‌റോണ്‍ പൊള്ളാര്‍ഡുമൊക്കെ 100 മീറ്ററുള്ള സിക്സുകളാണ് അടിക്കുന്നത്. ഞങ്ങളിപ്പോള്‍ പന്ത് ഉയര്‍ത്തിയടിച്ച് അത് ബൗണ്ടറി ലൈനിന് തൊട്ടപ്പുറത്ത് ചെന്നുവീണാല്‍ അതിനും അനുവദിക്കുന്നത് ആറ് റണ്‍സാണ്. ഇത് അല്‍പം അനീതിയാണെന്നാണ് തോന്നുന്നത്,’ എന്നായിരുന്നു രോഹിത് പറഞ്ഞത്.

എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ നായകനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ഉയരുകയാണ്.

ബാറ്റര്‍മാരുടെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതിയോ ബൗളര്‍മാരുടെ കാര്യവും ചിന്തിക്കണ്ടേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 110 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാലും 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാലും ഒരു ലീഗല്‍ ഡെലിവെറി മാത്രമാണ് അനുവദിക്കുന്നത്, ഇതും അനീതിയെല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇതിന് പുറമെ വിക്കറ്റ് വീഴ്ത്തുന്നതിലും മാറ്റങ്ങള്‍ വേണ്ടേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. തുടര്‍ച്ചയായ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മൂന്നാം വിക്കറ്റ് ഫ്രീയായി നല്‍കണമെന്നാണ് ആരാധകരുടെ വാദങ്ങളിലൊന്ന്.

ഇതിന് പുറമെ രണ്ട് വിക്കറ്റുകള്‍ വീണാല്‍ ഒന്നിന് പകരം രണ്ട് താരങ്ങളെയും പുറത്താക്കണമെന്നും ഇനി അതല്ല മൂന്ന് വിക്കറ്റുകളും വീഴ്ത്തുകയാണെങ്കില്‍ ടീമിനെ ഓള്‍ ഔട്ടായും പ്രഖ്യാപിക്കണം എന്നും ആരാധകര്‍ പറയുന്നുണ്ട്.

അതേസമയം, രോഹിത്തിനെ പിന്തുണച്ച് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. കുറച്ചുകൂടി കടന്ന് 100 മീറ്റര്‍ സിക്‌സറിന് 12 റണ്‍സ് നല്‍കണമെന്നായിരുന്നു പീറ്റേഴ്‌സണിന്റെ ആവശ്യം.

ടി-20 ഫോര്‍മാറ്റിലോ ദി ഹണ്‍ഡ്രഡിലോ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് ഇത്തരത്തിലൊരു പരീക്ഷണം നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Trolls against Rohit Sharma

We use cookies to give you the best possible experience. Learn more