ഗോളടിച്ചത് ഛേത്രി, ഇറങ്ങിപ്പോയത് ബ്ലാസ്‌റ്റേഴ്‌സ്, എയറിലായത് പന്ത്!! പരിക്ക് പറ്റി കിടക്കുന്ന അങ്ങേരെ വെറുതെ വിടടേയ് എന്ന് ആരാധകര്‍
Sports News
ഗോളടിച്ചത് ഛേത്രി, ഇറങ്ങിപ്പോയത് ബ്ലാസ്‌റ്റേഴ്‌സ്, എയറിലായത് പന്ത്!! പരിക്ക് പറ്റി കിടക്കുന്ന അങ്ങേരെ വെറുതെ വിടടേയ് എന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th March 2023, 9:01 am

ഐ.എസ്.എല്ലിലെ ബെംഗളൂരു എഫ്.സി – കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം അവസാനിച്ചതിന് പിന്നാലെ എയറിലായിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ റിഷബ് പന്താണ്. മോശം റഫറീയിങ്ങിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചതോടെയാണ് പന്തിന് ട്രോളുകള്‍ ലഭിച്ചത്.

നോക്ക് ഔട്ട് മത്സരത്തിന്റെ നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് സുനില്‍ ഛേത്രി വളരെ പെട്ടെന്ന് എടുക്കുകയും അത് ഗോള്‍ ആവുകയുമായിരുന്നു.

എന്നാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സീവ് വാള്‍ സെറ്റ് അപ് ചെയ്യുന്നതിന് മുമ്പായിരുന്നു ഛേത്രി ആ ഗോള്‍ നേടിയത്. എങ്കിലും റഫറി ഗോള്‍ അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് വാക്ക് ഔട്ട് നടത്തിയത്.

 

ബ്ലാസ്റ്റേഴ്‌സിന്റെ ഈ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഈ പ്രവൃത്തി കണ്ടെങ്കിലും ഐ.എസ്.എല്ലില്‍ റഫറീയിങ്ങിന്റെ സ്റ്റാന്‍ഡേര്‍ഡ് ഉയരട്ടെ എന്ന് പ്രത്യാശിക്കുന്നവരും കുറവല്ല.

എന്നാല്‍, ബ്ലാസ്റ്റേഴ്‌സ് മാച്ച് ബഹിഷ്‌കരിച്ചപ്പോള്‍ എയറിലായിരിക്കുന്നത് ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്താണ്. 2022 ഐ.പി.എല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ടീമിനെ തിരികെ വിളിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ പന്തിന് ട്രോളുകള്‍ നേടിക്കൊടുത്തിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ ഒരു പങ്കുമില്ലാത്ത പന്തിനെ ഈ സാഹചര്യത്തില്‍ ട്രോളരുതെന്നാണ് പന്ത് ആരാധകര്‍ പറയുന്നത്. അദ്ദേഹം പരിക്കേറ്റ് നില്‍ക്കുകയല്ലേ, ഇപ്പോള്‍ ഇങ്ങനെ ഒരു സംഭവത്തിന് ട്രോളണോ എന്നാണ് അവര്‍ ചോദിക്കുന്നത്.

 

ഏപ്രില്‍ 22ന് നടന്ന മത്സരത്തിലായിരുന്നു സംഭവം. ദല്‍ഹി ഇന്നിങ്‌സിലെ അവസാന ഓവറില്‍ ടീമിന് വിജയിക്കാന്‍ 36 റണ്‍സ് ആവശ്യമായിരുന്നു. വിന്‍ഡീസ് താരം ഒബെഡ് മക്കോയ് എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തും റോവ്മന്‍ പവല്‍ സിക്‌സറിന് തൂക്കുകയും ടീമിന് വിജയപ്രതീക്ഷ നല്‍കുകയും ചെയ്തു.

എന്നാല്‍ ഓവറിലെ നാലാം പന്തായിരുന്നു വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മക്കോയ് എറിഞ്ഞ ഹൈ ഫുള്‍ടോസ് നോ ബോള്‍ വിളിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ക്യാപ്റ്റന്‍ പന്ത് രംഗത്തെത്തുകയായിരുന്നു. അമ്പയര്‍ അത് നോ ബോള്‍ വിളിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട് ടീമിനോട് മത്സരം നിര്‍ത്തി കയറിപ്പോരാന്‍ പന്ത് ആവശ്യപ്പെട്ടിരുന്നു.

ക്യാപ്പിറ്റല്‍സിന്റെ സഹ പരിശീലകന്‍ പ്രവീണ്‍ ആമ്രെ മൈതാനത്തേക്കിറങ്ങുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്തിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് വാക്ക് ഔട്ട് നടത്തിയപ്പോള്‍ ടീമിന്റെ ഭാഗത്ത് നിന്നും വുകോമനോവിച്ചിന് എല്ലാ വിധ പിന്തുണയും ലഭിച്ചിരുന്നുവെങ്കില്‍, ഇവിടെ, പന്തിന് ടീം ഒഫീഷ്യല്‍സിന്റെ പിന്തുണ പോലും ലഭിച്ചിരുന്നില്ല. ക്യാപ്പിറ്റല്‍സ് ഒഫീഷ്യലായ ഷെയ്ന്‍ വാട്‌സണ്‍ പന്തിനോട് ‘നിര്‍ത്ത് നിന്റെ ഷോ’ എന്നായിരുന്നു പറഞ്ഞത്.

എന്നാല്‍ മത്സരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ പവലിന്റെ മൊമെന്റം നഷ്ടപ്പെടുകയും നാലാം പന്ത് ഡോട്ട് ആവകുയും ചെയ്തു. അടുത്ത പന്തില്‍ പവല്‍ ഔട്ടായതിന് പിന്നാലെ രാജസ്ഥാന്‍ 15 റണ്‍സിന്റെ വിജയവും കീശയിലാക്കി.

പന്തിന്റെ പ്രവര്‍ത്തിയില്‍ മാച്ച് ഫീയുടെ നൂറ് ശതമാനം താരത്തിന് പിഴയായി ഒടുക്കേണ്ടി വരികയും ചെയ്തിരുന്നു.

അതേസമയം, ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ഐ.എസ്.എല്ലിന്റെ സെമിയില്‍ പ്രവേശിക്കാനും ബെംഗളൂരുവിന് സാധിച്ചു. സെമിയില്‍ മുംബൈ സിറ്റിയാണ് എതിരാളികള്‍. മാര്‍ച്ച് ഏഴിന് മുംബൈയില്‍ വെച്ചാണ് ആദ്യ പാദ മത്സരം.

 

Content Highlight: Trolls against Rishabh Pant after Kerala Blasters walkout from the match