ഓം റൗട്ടിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായ ആദിപുരുഷ് റിലീസ് ചെയ്തിരിക്കുകയാണ്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ബിലോ ആവറേജാണെന്നും വി.എഫ്.എക്സ് കാര്‍ട്ടൂണ്‍ ലെവലാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഓം റൗട്ടിന്റെ സംവിധാനത്തിലെ പോരായ്മകളും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആദിപുരുഷിലെ രാവണനേയും ട്രോളന്മാര്‍ ഏറ്റെടുത്തിരുക്കുകയാണ്. മുമ്പ് രാമായണം ആസ്പദമാക്കി പുറത്ത് വന്ന സീരിയലുകളിലും ചിത്രങ്ങളിലും രാവണന്റെ പത്ത് തല സമാന്തരമായിട്ടായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍ അദിപുരുഷില്‍ രണ്ട് നിരയായി രാവണന്റെ തലകള്‍ കാണിക്കുന്നുണ്ട്. ഇതാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് നിരയായി തലകള്‍ നിരത്തിയതിനെയും രാവണന്റെ സ്‌റ്റൈലന്‍ കോസ്റ്റിയൂമിനും ട്രോളുകളുയരുന്നുണ്ട്.
അതേസമയം ആദിപുരുഷ് റിലീസിനൊപ്പം അസാധാരണ സംഭവങ്ങളും ശ്രദ്ധ നേടിയിരുന്നു. തിയേറ്ററില്‍ യാദൃശ്ചികമായെത്തിയ കുരങ്ങിനെ കണ്ട് പ്രേക്ഷകര്‍ ജയ് ശ്രീറാം വിളിച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. കൈ മുറിച്ച് രക്തം കൊണ്ട് പ്രഭാസിന്റെ പോസ്റ്ററില്‍ തിലകം അണിയിക്കുന്ന യുവാവിന്റെ വീഡിയോയും വൈറലായി.
ചിത്രത്തിന് നെഗറ്റീവ് കമന്റ് പറഞ്ഞ യുവാവിനെ ആക്രമിക്കുന്ന പ്രഭാസ് ആരാധകരും ഹനുമാനായി റിസര്‍വ് ചെയ്ത സീറ്റില്‍ ഇരുന്ന യുവാവിനെ ആക്രമിക്കുന്ന പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില് ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര് എന്നിവര് ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: trolls against ravana in adipurush